Saturday, December 6, 2008

ദൈവങ്ങള്‍ കുലുങ്ങുമ്പോള്‍

ബെര്‍ളിതോമസിന്റെ " ജനതയുടെ വെട്ടുകിളിരാഷ്ട്രീയവും മാധ്യമങ്ങളുടെ അരാഷ്ട്രീയപ്രവണതകളും" എന്ന ലേഖനത്തിലെ രാഷ്ടീയ വിലയിരുത്തലുകളോട്‌ ഒരു പ്രതികരണം.

പുരോഹിതവര്‍ഗ്ഗത്തിന്റേയോ രാഷ്ട്രീയക്കാരന്റേയോ മാത്രം വീഴ്‌ചയായിരുന്നില്ല രണ്ടായിരത്തിനു (2008 അല്ല) ശേഷം സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ചരിത്രപരമായ അനിവാര്യതപോലെ അധികാരത്തിന്റെ, സങ്കുചിതത്വത്തിന്റെ സകലമാന സ്വത്വങ്ങളും തകര്‍ന്നടിയലിന്‌ കാരണമായത്‌ കമ്മ്യൂണിസ്‌റ്റ്‌ ഇരുമ്പുമറകളുടെ തകര്‍ന്നടിയലും ആഗോളവല്‍ക്കരണത്തിന്റെ ആരംഭവുമാണ്‌്‌. ഇതിനെ അധികാരത്തിന്റെ ജനകീയവല്‍ക്കരണമെന്ന രാഷ്ടീയക്കാരന്റെ ഔദാര്യത്തിലേക്ക്‌ ഒതുക്കാന്‍ കഴിയില്ല. അതുപോലെ തന്നെ പൗരോഹിത്യത്തെ ചൂണ്ടുന്ന കന്യാസ്‌ത്രീയോടുള്ള കുസൃതിചോദ്യത്തിലൂടേയും ആദരാഞ്‌ജലി റാലിയിലെ പ്ലാക്കാര്‍ഡിലൂടേയും അതിന്റെ അലയൊലികളെ നിര്‍ണ്ണയിക്കുന്നതും തെറ്റാവും. (എന്തുകൊണ്ട്‌ സി.പി.എം. സംസ്ഥാന സമ്മേളനവേദിയിലേക്കുള്ള കുപ്പിയേറ്‌ വിട്ടുപോയി ? ) അരാഷ്ട്രീയത്തെക്കുറിച്ചുള്ള നീരീക്ഷണം ശരിയാവുമ്പോള്‍ തന്നെ അതിന്റെ ഭാഗമായി മാറുന്ന സിപിഎം ശൈലീമാറ്റത്തെ അംഗീകരിക്കുന്നത്‌ വിചിത്രമായി തോന്നുന്നു. പ്രായോഗികമായി വിജയവുമാണെന്ന ബെര്‍ളിയുടെ മറുപടി കമന്റ്‌്‌ ഈ വൈചിത്ര്യത്തെ ശരി വെക്കുകയും ചെയ്യുന്നു.

ഇരുമ്പന്‍ കമ്മ്യൂണിസത്തിന്റെ അസ്‌തമനത്തിനു മുമ്പുതന്നെ ലോകം മുഴുവന്‍ മനുഷ്യാവകാശ, സ്‌ത്രീ വിമോചന, ദളിത. മല്‍സ്യതൊഴിലാളി. ബദല്‍ ആരോഗ്യ, ബദല്‍ മാധ്യമ, വിദ്യാഭ്യാസ, പരിസ്ഥിതി പ്രസ്ഥാനങ്ങളുടെം സജീവ ഇടപെടലുകള്‍ പൊതു സമൂഹത്തില്‍ നടന്നുകഴിഞ്ഞിരുന്നു. ഒരു അനിവാര്യത പോലെയാണ്‌ ഇതെല്ലാം ഉടലെടുത്തതെങ്കില്‍ പോലും സാമ്രാജ്യത്വശക്തികള്‍ ആളും അര്‍ത്ഥവും നല്‍കി ഇതിനെയെല്ലാം പിന്നില്‍ നിന്നും പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരുന്നു. (മുതലാളിത്തം അങ്ങിനെയാണ്‌, സ്വാഭാവികമായ, പ്രായോഗികമായ ഒഴുക്കുകളെ, ആര്‍ത്തികളെ പ്രോല്‍സാഹിപ്പിച്ചാണ്‌ അതിന്റെ വേരുകള്‍ വളരുക.)

മുകളില്‍ സൂചിച്ചിച്ച പ്രസ്ഥാനങ്ങളുടെ ശ്രമം കൊണ്ടും സമ്മര്‍ദ്ദം കൊണ്ടും ഇതുവരേയും മനുഷ്യര്‍ ഒളിപ്പിച്ചു വെക്കാന്‍ ശ്രമിച്ചതൊക്കെ, അടക്കി നിര്‍ത്തിയതൊക്കെ വെളിച്ചത്തു വരാന്‍ തുടങ്ങി. ഈ വെളിച്ചത്തിലൂടെയാണ്‌ ആഗോളവല്‍ക്കരണം ധ്രുതഗതിയിലാവുന്നത്‌. ആഗോള മുതലാളിത്തശക്തികള്‍ക്ക്‌ സഹായകരമായ നിയമനിര്‍മ്മാണങ്ങള്‍ നടത്തിയതോടൊപ്പം ജനോപകാരപ്രദമായേക്കാവുന്ന അധികാരവികേന്ദ്രീകരണം, അറിയാനുള്ള അവകാശം തുടങ്ങിയവയൊക്കെ ഭരണാധികാരികള്‍ തന്നെ വക വെച്ചു കൊടുക്കാന്‍ തയ്യാറായി. അതോടൊപ്പം തന്നെ വിഷ്വല്‍ മീഡിയ, ഇന്റര്‍നെറ്റ്‌, മൊബൈല്‍ ഫോണ്‍ എന്നിവയിലൂടെ ഒരു സ്‌ഫോടനം തന്നെ പൊതു സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ക്രമേണെ വിഗ്രഹങ്ങളെല്ലാം നിലം പതിക്കാന്‍ തുടങ്ങുന്നു. കമ്മ്യൂണിസത്തിനൊപ്പം കത്തോലിക്കാമതത്തിന്റെയും ഇരുമ്പുമറ തുരുമ്പെടുക്കാന്‍ തുടങ്ങി. പാതിരിമാരുടെ രതിയെപ്പറ്റി പോപ്പിനു പോലും ഏറ്റു പറയേണ്ടിവന്നു. അവശേഷിച്ച കമ്മ്യൂണിസ്‌റ്റുകാര്‍ക്ക്‌ കടുത്ത ചിട്ടവട്ടങ്ങളെ മാറ്റി വെച്ച്‌ ആഗോളവല്‍ക്കരണകാലത്തിനനുയോജ്യമായ നയ സമീപനങ്ങള്‍ സ്വീകരിക്കേണ്ടിവന്നു.

എന്നാല്‍ പറയപ്പെടുന്ന രീതിയിലുള്ള പുരോഗമനപരമോ ജനാധിപത്യപരമായോ ഉളള മറ്റമായി ഇതിനെ കാണാനും പറ്റില്ല. ലാഭകണ്ണോടെ ജനിച്ച ആഗോളവല്‍ക്കരണത്തോടൊപ്പം മള മാന്തി പുറത്തു വന്നതാണ്‌ മത പുനരുദ്ധാനവാദങ്ങളും. സ്ഥാപനവല്‍ക്കരിക്കപ്പെട്ട പലതും തകരുമ്പോള്‍ തന്നെ കടുത്ത ആചാര-വിശ്വാസങ്ങള്‍ പുലര്‍ത്തിപോരുന്ന ചില സമ്പ്രദായങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കുകയും ചെയ്‌തു എന്നത്‌ വൈപരീത്യമായി തോന്നുന്നു. ഇതിന്റെ മൂര്‍ദ്ധന്യ ഭാവങ്ങളാണ്‌ മത തീവ്രവാദങ്ങളും ഭീകരവാദങ്ങളും. കമ്മ്യൂണിസത്തിനെ അടിക്കാനുള്ള വടിയായിട്ടാണ്‌ ഇസ്ലാമിക തീവ്രവാദത്തെ അമേരിക്ക പ്രോല്‍സാഹിപ്പിച്ചതെങ്കില്‍
(സി.കെ. ബാബു) ഇന്ന്‌ തുറന്ന സാമ്പത്തിക ഭൂലോകക്രമത്തിനു തന്നെ ഭീഷണിയായി ഇതു വളര്‍ന്നുകഴിഞ്ഞു, ഇന്ത്യയെപോലെ ശക്തമായ ജനാധിപത്യ സംവിധാനങ്ങളുള്ള രാഷ്ട്രങ്ങളെ തകര്‍ക്കലായി മാറുന്നു ഇവരുടെ ലക്ഷ്യം (മാരീചന്‍)

ഇന്ന്‌ ലോകജനതയെ ഒരു പോലെ സ്വാധീനിക്കുന്നത്‌ രണ്ടു ഘടകങ്ങളാണെന്ന്‌ സാമാന്യമായി പറയാം. ഒന്ന്‌, ആഗോളവല്‍ക്കരണത്തിന്റെ തുറന്ന സമീപന രീതികള്‍ മറ്റൊന്ന്‌ മതബോധത്തിന്റെ ഇടുങ്ങിയ വഴികള്‍. (ഈ രണ്ടു ഘടകങ്ങളും രാഷ്ട്രീയക്കാരേയും മീഡിയയേയും ഒരു പോലെ സ്വാധീനിക്കുന്നു )

ഇവ തന്നെയാണ്‌ ഇന്ന്‌ കേരളത്തിലെ സി.പി.എമ്മിനെയും ചലിപ്പിക്കുന്നത്‌ എന്നത്‌ രസകരമായി തോന്നുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ നടക്കുന്നത്‌ ജനാധിപത്യവല്‍ക്കരണമോ ഉല്‍പതിഷ്‌ണുക്കളുടെ വിജയമോ ആയി കണക്കാക്കന്‍ പറ്റില്ല. അങ്ങിനെയായിരുന്നെങ്കില്‍ കേരളത്തിലെ സി.പി.എം. അതിന്റെ ഫാസിസ്റ്റ്‌ മനോഭാവം എന്നേ വെടിഞ്ഞേനെ. കേരളത്തിലെ ക്യാമ്പസുകളിലും മറ്റും നടക്കുന്ന അരാഷ്ടീയവല്‍ക്കരണവും ഇതിന്റെ ഭാഗം തന്നെ. ക്യാമ്പസുകളില്‍ ഫാസിസം നടപ്പാക്കുന്ന എസ്‌.എഫ്‌.ഐ. സമീപനത്തിനുള്ള തിരിച്ചടിയായിട്ടാണ്‌ എബിവിപിയും ക്യാമ്പസ്‌ ഫ്രണ്ടും ശക്തമാവുന്നത്‌.

പിന്‍മൊഴി : ബെര്‍ളി, സി.പി.എം. സംസ്ഥാന സമ്മേളന വേദിയിലേക്ക്‌ കുപ്പിയെറിഞ്ഞവന്റേത്‌ രാഷ്ട്രീയമോ അരാഷ്ട്രീയമോ ? ഏതു രീതിയിലാണത്‌ വിലയിരുത്തുക. പിണറായി തന്നെ പറയുന്നു : 'കുടിച്ച കള്ള്‌ കുമ്പയിലിരിക്കണ'മെന്ന്‌ .

Monday, December 1, 2008

കൊയിലാണ്ടിയില്‍ ലീഗ്‌ ഓഫീസ്‌ കത്തിച്ചു

  • ഇന്നലെ മുസ്ലിംലീഗ്‌ പ്രചരണ ജാഥക്കെതിരെ സി.പി.എമ്മുകാര്‍ നടത്തിയ കല്ലേറിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനു ശേഷം ഇന്ന്‌ കൊയിലാണ്ടിയില്‍ ഹര്‍ത്താലാചരിക്കുകയാണ്‌.
  • അക്രമികളും അക്രമിക്കപ്പെട്ടവരും ഒരു പോലെ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിരുന്നു.
  • ഹര്‍ത്താല്‍ ദിനത്തില്‍ കാലത്തുതന്നെ കൊയിലാണ്ടി ടൗണിലുള്ള മുസ്ലീംലീഗ്‌ ഓഫീസ്‌ സി.പി.എമ്മുകാര്‍ കത്തിച്ചു.
  • ഇന്നലെ നടന്ന മുസ്ലിംലീഗ്‌ പ്രകടനത്തിനുനേരെ സി.പി.എമ്മുകാര്‍ കല്ലേറിയുന്നതിന്‌ ഞാന്‍ ദൃക്‌സാക്ഷിയായിരുന്നു. സി.പി.എമ്മുകാര്‍ പ്രശ്‌നത്തിനു തുടക്കമിട്ടത്‌ എന്തിനാണാവോ എന്ന്‌ അതിശയപ്പെട്ടുപോയി.
  • നേതൃത്വത്തെ പ്രീതിപ്പെടുത്താന്‍ എച്ചില്‍തീനികളായ ചിലരുടെ പ്രവര്‍ത്തനമായാണ്‌ എനിക്കിതു കണ്ടപ്പോള്‍ പിന്നീട്‌ തോന്നിയത്‌. കൊയിലാണ്ടി മുനിസിപ്പാലിറ്റി ഇപ്പോള്‍ ഭരിക്കുന്നത്‌ സി.പി.എമ്മാണ്‌. അതുമായി ബന്ധപ്പെട്ട്‌ പലര്‍ക്കും പല കാര്യ സാദ്ധ്യങ്ങളും..... കൊയിലാണ്ടിയിലെ സി.പി.എം. നേതൃത്വമാവട്ടെ വി.എസ്‌. പക്ഷപാതികളുടെ കൈപ്പിടിയിലാണ്‌.
  • രണ്ടു മാസം മുമ്പെ ബി.ജെ.പിയുമായും ഇതുപോലെ കൊയിലാണ്ടിയില്‍ പ്രശ്‌നമുണ്ടായിരുന്നു.
  • ജനാധിപത്യ ദ്രോഹികളായ ഇത്തരം എച്ചില്‍തീനികളുടെ പ്രവര്‍ത്തനം പാര്‍ട്ടിക്ക്‌ ദോഷം മാത്രമേ ചെയ്യുകയുള്ളു എന്ന്‌ നേതൃത്വം മനസ്സിലാക്കിയിട്ടുണ്ടോ ആവോ ?
  • ഭീകരതക്കെതിരെ ഘോരഘോരം നാവിട്ടലക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങളുമായി നടക്കുന്ന സി.പി.എമ്മുകാര്‍ക്ക്‌ എന്ത്‌ അവകാശം ?

Friday, October 17, 2008

മുറിവ്‌


ദാരുണമായ ഒരവസ്ഥയെ ചിത്രീകരിക്കുന്നതിലൂടെ പ്രേക്ഷകരുടെ ചിന്തയെ ഉണര്‍ത്താന്‍ പര്യാപ്‌തമായ ഒരു ഹൃസ്വചിത്രം കാണാനിടയായി.
മുമ്പ്‌ ദേശാഭിമാനിയില്‍ ജോലി ചെയ്‌തിരുന്ന, ഇപ്പോഴും അത്യാവശ്യം വരകളിലൂടെ തന്റെ സാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന ദീപേഷ്‌ ആണ്‌ 'മുറിവ്‌' എന്ന ഈ പതിനേഴു മിനുട്ട്‌ ചിത്രത്തിന്റെ സംവിധായകന്‍. പഴയ പൗരോഹിത്യത്തിന്റേയും പുതിയ അധിനിവേശങ്ങളുടേയും കഥകള്‍ പറയാന്‍ മിടുക്കനാണ്‌ ഈ സംവിധായകന്‍. 'ടൈപ്പിസ്റ്റ്‌, 'സേയ്‌വ്‌' എന്നീ ഹൃസ്വ ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.
കുരിശേറ്റത്തിന്റെ മുറിവുകളുമായി, ഇന്നും ഇടയനായി കഴിയുന്ന മനുഷ്യപുത്രനെ നല്ല തന്മയത്വത്തോടെ ചിത്രകാരന്‍ അവതരിപ്പിക്കുന്നു. കാണാതായ കുഞ്ഞാടിനെ തിരയുന്ന ക്രിസ്‌തു കഥയെ ഓര്‍മ്മപ്പെടുത്തുന്ന ഇതിലെ കുട്ടി തന്റെ പ്രിയപ്പെട്ട ആട്ടിന്‍ കുട്ടിയെ തിരഞ്ഞ്‌ അലയുന്നു. വികാരിയച്ചന്റെ വിദേശകാറിടിച്ച്‌ മരിച്ച ആട്ടിന്‍കുട്ടിയുടെ പിന്നാലെ പോവുന്ന ഈ മനുഷ്യപുത്രന്‌ അരമനമുറ്റത്തുവെച്ച്‌ തല്ലു കൊള്ളേണ്ടിവരുന്നു. പിന്നീട്‌ കാറിടിച്ച്‌ മരിച്ച തന്റെ കുഞ്ഞാടിനെ അരമനവാസികള്‍ മൃഷ്ടാന്ന ഭോജനമാക്കുന്ന കാഴ്‌ചയാണ്‌ കുട്ടിക്ക്‌ കാണേണ്ടി വരുന്നത്‌.
പൗരോഹിത്യവും അധികാരവും മനുഷ്യനെ എങ്ങിനെ വേട്ടയാടുന്നുവെന്ന്‌ മുറിവുകള്‍ പ്രതിപാദിക്കുന്നു. സത്യവും നീതിയും അധികാരത്തിനും പൗരോഹിത്യത്തിനും എതിര്‍ പക്ഷത്താണെന്നും ക്രിസ്‌തുവിന്റെ നീതിബോധം എല്ലാ വ്യവസ്ഥാപിതത്വത്തിനും വെളിയില്‍ മുറിവേറ്റ്‌, പ്രപഞ്ച സ്‌നേഹത്തോടെ അലയുകയാണെന്നും ഈ ചിത്രം വരച്ചു കാട്ടിതരുന്നു.
നിരവധി രാഷ്ട്രീയ-സാംസ്‌കാരിക ധ്വനികള്‍ നിറഞ്ഞ ഈ ചിത്രം പുതിയൊരു ഭാവുക പരീക്ഷണമാണ്‌ ഇവിടെ നടത്തിയിരിക്കുന്നത്‌. വല്‍സലന്‍ വാതുശ്ശേരി തിരക്കഥയെഴുതി ജലീല്‍ പാദുഷ ക്യാമറ ചലിപ്പിച്ചു..



Wednesday, October 8, 2008

അല ഫെസ്റ്റിവല്‍ തുടങ്ങി

ലയുടെ നേതൃത്വത്തില്‍ 5-മത്‌ ഹൃസ്വ ചലച്ചിത്രോല്‍സവം കോഴിക്കോട്‌ നളന്ദ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. ജെ.ആര്‍. പ്രസാദിന്റെ അദ്ധ്യക്ഷതയില്‍ നവാഗത പ്രതിഭക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ശ്രി. മധു കൈതപ്രമാണ്‌ പരിപാടി ഉല്‍ഘാടനം ചെയ്‌തത്‌. ഗിരീഷ്‌ പുത്തഞ്ചേരി, വി.ആര്‍. സൂധീഷ്‌, യു.കെ. കുമാരന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. നാലു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലില്‍ ഷോര്‍ട്ട്‌ഫിലിം, ഡോക്യുമെന്ററി, ക്യാമ്പസ്‌ ഫിലിം, ആല്‍ബം, അനിമേഷന്‍, ടെലിഫിലിം എന്നീ ഇനങ്ങളിലായി എകദേശം നൂറ്റമ്പതോളം ചിത്രങ്ങളാണ്‌ പ്രദര്‍ശനത്തിനുണ്ടാവുക.

Tuesday, October 7, 2008

ചെകുത്താന്റെ ബ്രഞ്ച്‌ സെക്രട്ടറി

സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി കൊച്ചു കുഞ്ഞുങ്ങളെ ലൈംഗിക പീഢനത്തിന്‌ ഇരകളാക്കിയതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടു.

കോഴിക്കോട്‌ ജില്ലയിലെ ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ പെട്ട ചിനഞ്ചേരിയിലെ സി.പി.എം. ബ്രാഞ്ച്‌ ഓഫീസില്‍ വെച്ച്‌ ഞായറാഴ്‌ച തോറും നടക്കാറുള്ള ബാലസംഘത്തിന്റെ പരിപാടിക്കിടയിലാണ്‌ 05-10-2008 ന്‌ ബ്രാഞ്ച്‌ സെക്രട്ടറിയും തിക്കോടി എഫ്‌.സി.ഐ.യില്‍ ജോലിക്കാരനുമായ സുധാകരന്‍, 8-9 വയസസുകളുള്ള കൊച്ചു പെണ്‍കുട്ടികളെ ലൈംഗികപീഢനത്തിനു വിധേയമാക്കിയത്‌

കോഴിക്കോട്‌-കൊയിലാണ്ടി റൂട്ടില്‍ വെങ്ങളം റെയില്‍വേ മേല്‍പാലത്തിനടിയല്‍ നിന്നും പടിഞ്ഞാറു ഭാഗത്താണ്‌ ചീനഞ്ചേരി എന്ന സ്ഥലം. ബ്രഞ്ച ഓഫീസ്‌ നാട്ടുകാര്‍ എറിഞ്ഞു തകര്‍ത്തു.

(അങ്ങിനെ വിപ്ലകക്ഷിയുടെ പ്രാദേശിക നേതാവും കൊച്ചു കുഞ്ഞുങ്ങളെ പിഢീപ്പിക്കുന്ന ചെകുത്താന്‍മാരുടെ കളത്തിലേക്ക്‌ വിപ്ലവ വീറോടെ അടിവെച്ചടിവെച്ച്‌...

സി.പി.എം. കോട്ട എന്നു വിശേഷിപ്പിക്കുന്ന ഈ പ്രദേശം സഖാവ്‌ സുധാകന്റെ സാമ്രാജ്യമായിരുന്നു. ദേശാഭിമാനിയില്‍ നിന്നും പ്രൊഫ. എം.എന്‍. വിജയന്‍ പുറത്തുപോയപ്പോള്‍, പാര്‍ട്ടിയിലെ അരുതായ്‌മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ ഈ സുധാകരന്‍ സഖാവിന്റെ നേതൃത്വത്തില്‍ കുട്ടിസഖാക്കന്‍മാര്‍ ഉശിരോടെ വലിയ ചുവപ്പന്‍ അക്ഷരങ്ങളില്‍ "ഈ ചിത്തഭ്രമക്കാരനെ തളക്കുക" എന്ന്‌ എഴുതിവെക്കുന്നതിന്‌ സാക്ഷിയാവാന്‍ ഈ കാഴ്‌ചക്കാരനും 'ഭാഗ്യമുണ്ടായി' )

Thursday, September 25, 2008

അധികാരവും ഭീകരവാദവും

രക്കും ഇണക്കും വേണ്ടിയുള്ള ഹിംസകള്‍ക്കു ശേഷം അന്യന്റെ മേലുള്ള അധികാരത്തിനായുള്ള യുദ്ധങ്ങള്‍ വല്ലാത്ത ഭാവമാറ്റങ്ങളോടെയാണ്‌ മനുഷ്യസമൂഹത്തിനു മുമ്പില്‍ ഇന്ന്‌ അവതരിക്കുന്നത്‌. യുദ്ധങ്ങളില്‍ പോലും പാലിക്കപ്പട്ടുപോന്നിരുന്ന സാമാന്യ തത്വങ്ങള്‍ ലക്ഷ്യപ്രാപ്‌തിക്കായി അധികാരമോഹികളായ ഈ വഷളന്‍മാര്‍ സൗകര്യപൂര്‍വ്വം അവഗണിക്കുന്നു.

ഇസ്‌ലാം മത വിശ്വാസികള്‍ പരിശുദ്ധ മാസമായി കരുതപ്പെടുന്ന റമസാന്‍ മാസത്തില്‍ തന്നെ ഇസ്ലാമാബാദില്‍ മുസ്ലിമിന്റെ പേര്‌ അവകാശപ്പെട്ടുകൊണ്ട്‌ ഭീകരമായ സ്‌ഫോടനങ്ങിലൂടെ മനുഷ്യക്കുരുതി നടത്തുന്നു ! ഇന്ത്യയില്‍ തെരുവോരങ്ങളില്‍ ബോംബ്‌ പൊട്ടിച്ച്‌ സമൂഹത്തിന്റെ ഏറ്റവും താഴെകിടയില്‍ ജീവിച്ചുപോരുന്ന സാധാരണ ജനങ്ങളെ കൊന്നും പാതി കൊന്നും അവകാശവാദങ്ങല്‍ ഉന്നയിക്കുന്നു. വളരെ വ്യക്തമല്ലെ മതവുമായി, മതവിശ്വാസവുമായി ഇത്തരം ഭീകര പ്രവര്‍ത്തികള്‍ക്ക്‌ യാതൊരു ബന്ധവുമില്ലെന്നത്‌. സാധാരണ മനുഷ്യര്‍ക്ക്‌ സ്വാധീനമുള്ള മതത്തിന്റെ കണക്കില്‍ ഇത്തരം പ്രവര്‍ത്തികളുടെ വരവു ചേര്‍ക്കലിലൂടെ പരസ്‌പരം മനുഷ്യരെ ഭിന്നിപ്പിക്കുകയോ, ജനാധിപത്യവ്യവസ്ഥിതിലേക്കുള്ള മനുഷ്യസമൂഹത്തിന്റെ സ്വാഭാവിക മുന്നോട്ടുപോക്കിനെ തടയിടുകയോ ആണ്‌ അധികാരമോഹികളായ ഇവരുടെ പ്രവര്‍ത്തിയെന്ന്‌ പകല്‍ പോലെ വ്യക്തം.

ഇതിന്റെ ഉള്ളുകള്ളികള്‍ വെളിവാകാതിരിക്കാനാവാം ഏറ്റുമുട്ടുല്‍ നാടകങ്ങളിലൂടെ പ്രതികളെന്ന്‌ മുദ്രകുത്തി ആരേയൊക്കേയോ കൊന്നൊടുക്കുന്നു. മലയാളിക്ക്‌ മറക്കാന്‍ പറ്റാത്ത നക്‌സലൈറ്റ്‌ വര്‍ഗ്ഗീസിന്റെ കൊലപാതക കുറ്റം ഏറ്റു പറഞ്ഞ രാമചന്ദ്രന്‍നായരെ പോലെ മറ്റൊരാള്‍ ജീവിച്ചിരിക്കാതിരിക്കാനാവാം "ഏറ്റുമുട്ടലുകളില്‍" നിയമപാലകരും കൊല്ലപ്പെടുന്നു.തീര്‍ത്തും ഒരു നിഗമനത്തിലെത്താന്‍ കഴിയില്ലെങ്കില്‍ പോലും ഡല്‍ഹിയില്‍ നടന്ന "ഏറ്റുമുട്ടലില്‍" മരണപ്പട്ട മോഹന്‍ചന്ദ്‌ എന്ന പോലീസൂകാരന്റെ മരണവുമായി ബന്ധപ്പെട്ട ആശുപത്രി റിപ്പോര്‍ട്ട്‌ പ്രകാരം ഇദ്ദേഹം കൊല്ലപ്പെട്ടത്‌, ശരീരത്തിന്‌ വളരെ അടുത്തുവെച്ചുണ്ടായ വെടിയേറ്റ്‌ അതിന്റെ മുറിവിലൂടെ രക്തം വാര്‍ന്നു പോയി അതേ തുടര്‍ന്നുണ്ടായ ഹൃദാഘാതം മൂലമാണെന്ന്‌ പറയുന്നു. എന്നാല്‍ ഏതു തോക്ക്‌ ഉതിര്‍ത്ത വെടിയുണ്ടായാണ്‌ ശരീരത്തിലൂടെ പാഞ്ഞുപോയതെന്ന്‌ കൃത്യമായ നിഗമനത്തിലെത്താന്‍ ഒരു പക്ഷേ, അധികാരികള്‍ക്ക്‌ കഴിഞ്ഞെന്നു വരില്ല. ഈവക കാര്യങ്ങള്‍ പൗരാവകാശത്തെപ്പറ്റി ഉല്‍ക്കണ്‌ഠ പെടുന്നവരെ സംശയാലുക്കളാക്കേണ്ടതാണ്‌.

അധികാര നാടകങ്ങളുടെ അണിയറ നീക്കങ്ങള്‍ നടത്തപ്പെടുന്നത്‌ അതത്‌ രാഷ്ട്രങ്ങളില്‍വെച്ചായികൊള്ളണമെന്നു പോലുമില്ല. മൊസാദ്‌ പോലുള്ള ചാര സംഘടനകള്‍ക്ക്‌ ഇത്തരം കൃത്യങ്ങളിലുള്ള പങ്ക്‌ ഒരു പക്ഷേ വര്‍ഷങ്ങള്‍ക്കുശേഷമായിരിക്കും വെളിപ്പെട്ടു വരിക.

അറസ്റ്റു ചെയ്യപ്പെട്ട 'പ്രതി'കളെ ലോക മാധ്യമങ്ങള്‍ക്ക്‌ മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ അവരെ അണിയിച്ച മുഖംമൂടിയുടെ സ്വഭാവം നോക്കൂ. പ്രതികള്‍ക്ക്‌ പതിവായി ഉപയോഗിക്കുന്ന കറുത്ത മുഖംമൂടിക്ക്‌ പകരം ഫലസ്‌തീന്‍ ശൈലിയിലുള്ള, ഉത്തരേന്ത്യന്‍ മുസ്ലിംകള്‍ പതിവായി ഉപയോഗിക്കുന്ന തരത്തിലുള്ള അറബ്‌ഷാള്‍ ആണ്‌ അവരെ അണിയിച്ചിരിക്കുന്നത്‌. 'തീവ്രവാദി'കളുടേയോ, 'ഭീകരവാദി'കളുടേയോ പ്രതീകമായി ഇത്തരം വേഷവിധാനങ്ങളെ അവതരിപ്പിക്കാനുള്ള തന്ത്രമായി എന്തുകൊണ്ട്‌ ഇതിനെ സംശയിച്ചുകൂടാ ?

അമേരിക്കയിലെ ട്രേഡ്‌വേള്‍ഡ്‌ സെന്ററിന്റെ തകര്‍ച്ചക്കു ശേഷം മുസ്ലീംനാമധാരികളെ, താടി വെച്ചവരേ പോലും നോട്ടപ്പുള്ളികളാക്കുന്ന ഒരു ലോക സാഹചര്യം അമേരിക്ക ബോധപൂര്‍വ്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. ഈയൊരു സാഹചര്യത്തില്‍ വേണം ഇതും വിലയിരുത്തപ്പെടാന്‍.

മനസ്സകലുമ്പോള്‍
ഇന്നുവരെ നാമാര്‍ജ്ജിച്ച ശാസ്‌ത്രനേട്ടത്തിന്റേയും ഉന്നതമായ തത്വദര്‍ശനങ്ങളുടേയും വെളിച്ചത്തിലൂടെ മനുഷ്യസമൂഹം ജനാധിപത്യത്തിലേക്കും സോഷ്യലിസിസ്‌റ്റ്‌ ബോധത്തിലേക്കും സ്വാഭാവിമായും മുന്നേറാന്‍ ശ്രമിക്കുമ്പോള്‍, അധികാരത്തിന്റെ സുഖത്തിലമര്‍ന്നുപോയവര്‍ അതിനെ തടയിടാന്‍ ശ്രമിക്കുക സ്വാഭാവികം. ഇത്തരം ശക്തികളാണ്‌ ഇതുപോലുള്ള യുദ്ധങ്ങളുടെ പിന്നണിയില്‍ പ്രവര്‍ക്കിക്കുന്നത്‌ എന്ന്‌ മാനവസമൂഹം തിരിച്ചറിഞ്ഞേ തീരൂ.

മതത്തിന്റെ മൗലികമായ ആശയങ്ങളില്‍ വിശ്വസിച്ച്‌ മുന്നോട്ടു പോയവരെ അരക്ഷിതാവസ്ഥയില്‍ എത്തിച്ച്‌ രാഷ്ട്രീയ മുഖം നല്‍കി സമൂഹത്തെ മിക്കവാറും വര്‍ഗ്ഗീയവല്‍ക്കരിച്ച ശക്തികള്‍ തന്നെയാണ്‌ അവര്‍ക്ക്‌ ഭീകരവാദമുഖം നല്‍കാന്‍ ശ്രമിക്കുന്നതും എന്ന കാര്യം ശ്രദ്ധേയമാണ്‌. അധികാര തല്‍പരമായ ദുഷ്ടശക്തികളുടെ സ്വാധീനം, അറിയാതെയെങ്കിലും സാവധാനത്തില്‍ സാധാരണ ജനങ്ങളിലേക്ക്‌ എത്തിപ്പെടുന്നു. ഒരു പ്രത്യേക ജനവിഭാഗത്തെ അകറ്റിനിര്‍ത്താനോ, സംശയിക്കാനോ ഒരുമിച്ചു കഴിയുന്നവര്‍ ശ്രമിക്കുന്നത്‌ ഇതുകൊണ്ടു തന്നെ. എന്നാല്‍ ഇതിനെ തടയിടാന്‍ പ്രാപ്‌തമായ, നേരത്തെ സൂചിപ്പിച്ച ഉന്നതമായ ദര്‍ശനങ്ങള്‍ക്ക്‌ കഴിയാതെ പോയതിനു കാരണം സൂക്ഷ്‌മമായി വിശകലനം ചെയ്യേണ്ടതുണ്ട്‌. അതിലപ്പുറം, അധികാരവിരുദ്ധമായ രീതിയില്‍ മാനുഷിക ബന്ധങ്ങളുടെ ഊട്ടിയുറപ്പിന്‌ പര്യാപ്‌തമാവുന്നതെന്തൈല്ലാമെന്ന ഒരു പുതുപാഠം പടിച്ചു തുടങ്ങാന്‍ നാം തയ്യാറാവേണ്ടിയിരിക്കുന്നു.

(
വീണ്ടും ആക്രമിക്കപ്പെടുമ്പോള്‍ ,
ഏറ്റുമുട്ടല്‍: ദുരൂഹത ഏറുന്നു,
ഭരണകൂട ഭീകരത,
തീവ്രവാദികളെ പോലിസ്‌ നിര്‍മിക്കുമ്പോള്‍,
മുസ്ലീങ്ങളെല്ലാം ഭീകരരാണോ?
സിമിയും ശബാന അസ്‌മിയും തമ്മിലെന്ത്‌? എന്നീ ബ്ലോഗുകളിലൂടേയും വാര്‍ത്തകളിലൂടേയും വായിച്ചു പോയപ്പോള്‍ തോന്നിയ ഒരഭിപ്രായം)

Tuesday, August 12, 2008

അണ്ടി വങ്ങാനെത്തിയ അഫ്‌ഗാന്‍കാര്

‍കഴിഞ്ഞ ആഴ്‌ച പ്രധാന മലയാളദിനപത്രങ്ങളിലെല്ലാം ദുരൂഹസാഹചര്യത്തില്‍ അഫ്‌ഗാന്‍കാര്‍ പിടിയിലായെന്ന വാര്‍ത്ത വായിച്ച്‌ കേരളീയന്‍ പണ്ടത്തെ ചാരകഥ കേട്ടെന്നപോലെ ദേശസ്‌നേഹം കൊണ്ട്‌ പുളകിതരായി.

അണ്ടിയെക്കുറിച്ചധികം അറിയാത്ത ഈ അഫ്‌ഗാന്‍ കുണ്ടന്‍മാരെങ്ങിനെ കുണ്ടറയിലെത്തി എന്നായി ദൂരൂഹത. ദക്ഷിണേന്ത്യയിലാണെങ്കില്‍ ബോംബു മണക്കുന്ന സമയവും. കുണ്ടറ പോലീസിന്റെ ചോദ്യംചെയ്യലിലും അന്വേഷണങ്ങള്‍ക്കും ഒടുവിലാണ്‌ കാര്യം ആകെ നിസ്സാരമായി പോയത്‌.

കേരളത്തില്‍ വിലക്കുറവില്‍ കച്ചവടത്തിനായ്‌ കശുവണ്ടി സുലഭമായി ലഭിക്കുമെന്നറിഞ്ഞാണ്‌ ആ അഫ്‌ഗാന്‍ യുവാക്കള്‍ ഇവിടേക്ക്‌ വണ്ടി കയറിയത്‌. വണ്ടി ഇറങ്ങിയപ്പോഴെ നാടറിയാത്തവരെ മുച്ചക്ര വാഹനക്കാര്‍ വളഞ്ഞു. കുറഞ്ഞ ചിലവില്‍ താമസസ്ഥലം അന്വേഷിച്ച ഈ യുവാക്കളെയും പേറി ഒരു ഓട്ടോക്കാരന്‍ നീട്ടിപിടിച്ച്‌ ഓട്ടം തുടങ്ങി എത്ര ഓടുന്നോ അത്രക്കധികം പണം പിടുങ്ങാമല്ലൊ എന്നതു മാത്രമായി ഓട്ടോകാരന്റെ ചിന്ത. (അരിക്കൊക്കെ എന്താ വില) ലോഡ്‌ജിലെത്തി കുറഞ്ഞ ചിലവില്‍ മുറി അന്വേഷിച്ച ഇവര്‍ക്ക്‌ റൂം ബോയ്‌ ലോഡ്‌ജ്‌ മാനേജര്‍ അറിയാതെ ചെറിയൊരു അഡ്‌ജസറ്റ്‌മെന്റ്‌ എന്ന നിലയില്‍ മുമ്പ്‌ താമസിച്ചയാളുടെ അതേ പേരില്‍ തന്നെ ഇവര്‍ക്കും റൂം നല്‍കി. മലയാളിയുടെ ഇത്തരം "സഹായസഹകരണങ്ങള്‍" തങ്ങളെ ആകെ അവതാളത്തിലെത്തിക്കുമെന്ന്‌ അഫ്‌ഗാന്‍കാര്‍ തീരെ പ്രതീക്ഷിച്ചില്ല. ഐ.ബി., റോ. എന്നീ രഹസ്യന്വേഷണ ഏജന്‍സികള്‍ വരെ അന്വേഷണങ്ങളുടെ നീണ്ട നിര തന്നെ...

നൂറ്റാണ്ടുകളിലൂടെ യുദ്ധങ്ങളുടേയും കലാപങ്ങളുടേയും തീയില്‍ വളര്‍ന്ന അഫ്‌ഗാന്‍ പ്രദേശത്തുകാരുടെ സാന്നിദ്ധ്യത്തെ പോലും ലോകം മുഴുവനും ബോംബിനെപോലെ ഭയക്കുന്നു എന്നതിനുള്ള അവസാന തെളിവായി നമ്മുടെ നാട്ടിലെത്തിയ ഈ അഫ്‌കാന്‍കാരും.

Tuesday, July 8, 2008

പാഠപുസ്തകം കത്തിക്കുമ്പോള്...

പള്ളീലച്ചന്‌ പറയാനുള്ളത്‌ പള്ളീലച്ചന്‍ പറയട്ടെ. എന്തിനാണിത്തരം അസഹിഷ്‌ണുത ? ഡിക്കന്‍ റൂബിന്റെ ബ്ലോഗിലേക്ക്‌ ക്ലിക്കിയാല്‍ നേരെ പോവുന്നത്‌ ഒരു അശ്ലീല കച്ചവട സൈറ്റിലേക്കാണ്‌. ഇതാരാണ്‌. ചെയ്‌തത്‌. അദ്ദേഹം അതു ചെയ്യില്ല. മറിച്ച്‌ അദ്ദേഹം പറയുന്ന കാര്യങ്ങളോട്‌ ഇത്രയധികം അസഹിഷ്‌ണുത പുലര്‍ത്തുന്ന, സോഫ്‌റ്റ്‌വെയര്‍ മേഖലയില്‍ പണിയെടുക്കുന്ന ആരോ ആണത്‌ ചെയ്‌തത്‌. ഇതിനെതിരെ ബ്ലോഗര്‍മാര്‍ തീര്‍ച്ചയായും പ്രതിഷേധിക്കണം. (ഇതു പറഞ്ഞതുകൊണ്ട്‌ ഒരു പക്ഷെ എന്നേയും അവര്‍ വകവരുത്തും.) ഇതു വായിച്ചെങ്കിലും അവര്‍ അതു തിരുത്തട്ടെ. അയ്യേ എന്തൊരു ജീര്‍ണ്ണത. പഴയ മതത്തേക്കാളപ്പുറം ജീര്‍ണ്ണിച്ചുപോയോ നമ്മുടെ യുവത്വം ?

Friday, June 20, 2008

കമന്റ്‌

(ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ വായനയും ബ്ലോഗും .... എന്ന പോസ്‌റ്റിന്‌ താഴെ കാണുംപ്രകാരം ഒരു കമന്റെഴുതി നോക്കിയെങ്കിലും പ്രവേശനം നിഷേധിക്കപ്പെട്ടതിനാല്‍ അത്‌ അതേരൂപത്തില്‍ ഇവിടെ വെക്കുന്നു.)അച്ചടി മാധ്യമത്തെ കിടപിടിക്കാനെന്തിന്‌ ബ്ലോഗുകള്‍ തയ്യാറാവണം ? രണ്ടും രണ്ടല്ലെ ? അച്ചടി മാധ്യമങ്ങളെ പോലെയാവണം ദൃശ്യമാധ്യമങ്ങളും എന്നൊരാള്‍ വാശിപിടിച്ചാല്‍ എങ്ങിനെയിരിക്കും ? അതു പോലെ തന്നെയല്ലെ ഈ കാര്യവും. ഓരോന്നിനും അതിന്റേതായ സവിശേഷ സ്വഭാവങ്ങളില്ലെ ? അല്ലെങ്കിലും അച്ചടി മാധ്യമങ്ങള്‍ നല്‍കുന്ന വായനയുടെ വലിപ്പവും കെട്ടുറപ്പും ബ്ലോഗുകളില്‍ എത്രത്തോളും സാദ്ധ്യമാവും. ജോലിത്തിരക്കിനിടയില്‍ അല്‍പ സമയം ബ്ലോഗുവായനക്കായി നീക്കി വെക്കുന്ന ബഹുഭൂരിപക്ഷം മലയാളം ബ്ലോഗര്‍മാരും ചുരുങ്ങിയ വാക്കുകളില്‍ കാര്യങ്ങള്‍ പറയുന്ന ബ്ലോഗുകള്‍ വായിക്കാനാണ്‌ താല്‍പര്യം കാണിക്കുന്നത്‌. ഇതിനു നല്ല ഉദാഹരണമാണ്‌ വായനശാലകളില്‍ പിന്നോട്ടുമാറിയ കവിതകള്‍ ബ്ലോഗുകളില്‍ നന്നായി വായിക്കപ്പടുന്നു എന്നത്‌. ബ്ലോഗുകളില്‍ എഴുത്തുകാരന്‍ അപരിമിതമായ (ഗൂഗിളിന്റേയോ വേര്‍ഡ്‌പ്രസ്സിന്റേയോ കാരുണ്യം -അതു വേറെ കാര്യം) സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താനുള്ള ശ്രമം നടത്തുമ്പോള്‍ തന്നെ വായനക്കാരന്‍ എഴുത്തുകാരനെ നിയന്ത്രിക്കുകയും ചെയ്യുന്നു. അതാണ്‌ അതിന്റെ സാദ്ധ്യത. ആ ഒരു സാദ്ധ്യതയെ അങ്ങയെപോലുള്ളവര്‍ ഉപയോഗപ്പെടുത്തുന്നില്ല എന്നത്‌ ഖേദകരം തന്നെ. പിന്നെ തോന്നിയതു പറയാനുള്ള അവസരം ഇവിടെയുണ്ടാവുമ്പോള്‍ അത്‌ നന്നായി ഉപയോഗപ്പെടുത്തുന്നു എന്നു മാത്രം. എന്തിന്‌, " എന്റ പബ്ലിക്‌ ഡയറി, അജ്ഞാത ചങ്ങാതികളുമായി ചിന്തകള്‍ പങ്കുവെക്കാനൊരിടം" എന്നെല്ലാം പറയുന്ന്‌ അങ്ങയുടെ ഈ ശിഥില ചിന്തകള്‍ക്ക്‌ ഏതെങ്കിലും അച്ചടി മാധ്യമം ഇടം നല്‍കുമോ ?പിന്നെ പേരിലെന്തിരിക്കുന്നു ? ബെര്‍ളി അങ്ങയുടെ അപരനാമത്തിന്‌ മാന്യമായി മറുപടി നല്‍കി എന്ന്‌ താങ്കള്‍ തന്നെ സൂചിപ്പിക്കുന്നു. പിന്നെന്താ കാര്യം ? വ്യക്തിത്വ ശൈഥില്യത്തെക്കുറിച്ച്‌ വേവലാതിപ്പെടേണ്ടത്‌ അതാത്‌ അപരനാമക്കാരല്ലെ. (ഞാനടക്കം) അവര്‍ക്കതില്ലെങ്കില്‍ അങ്ങെന്തിന്‌ ഈകാര്യത്തില്‍ ഇത്രയധികം ഉല്‍ക്കണ്‌ഠപ്പെടണം ?
(പിന്നെ, ഈ ബൂലോഗം തുലഞ്ഞു പോട്ടെ എന്നൊരു ശാപ ചിന്ത അങ്ങയുടെ മനസ്സില്‍ പതുക്കെ മുള പൊട്ടുന്നുണ്ടോന്നൊരു സംശയം ഇല്ലാതില്ല)

Wednesday, June 18, 2008

യുദ്ധങ്ങളില്‍ ജയിക്കുന്നതാര്‌

വിളിച്ചു വരുത്തിയവനോ, വിധേയനായവനോ ആരാണ്‌ യുദ്ധങ്ങളില്‍ ജയിക്കുന്നത്‌ ? കുരുക്ഷേത്രത്തില്‍ ആരു ജയിച്ചു ? യുദ്ധം ബാക്കി വെച്ച വ്യര്‍ത്ഥതയിലും ശൂന്യതയിലും വല്ലാത്ത വേദനയോടെ അലയേണ്ടി വന്നില്ലേ "ധര്‍മ്മയുദ്ധം" നടത്തിയ പാണ്ഡവര്‍ക്കു പോലും.

പുരാണം പറയുകയല്ല. ബ്ലോഗുകളുമായി ബന്ധപ്പെട്ട്‌ ചില ദുശ്ശാസനന്‍മാര്‍ യുദ്ധങ്ങള്‍ വിളിച്ചു വരുത്തുകയും സര്‍ഗ്ഗാത്മകതയുള്ള പലരും ഇതില്‍ പെട്ടുപോയി ശൂന്യരായിപോവുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ച്‌ വേദനയോടെ സൂചിപ്പിക്കാനാണ്‌ ഇങ്ങിനെയൊരു മുഖവുര.

മുമ്പ്‌ എം.കെ. ഹരികുമാറിന്റെ അമ്പേറ്റ ഏ.ആര്‍ നജീം ഇങ്ങിനെ ഇരയാക്കപ്പെട്ടതിന്‌ നല്ലൊരു ഉദാഹരണമാണ്‌. നല്ല കവിതകള്‍ എഴുതുകയും ഒരു സഹൃദയന്‍ എന്ന നിലക്ക്‌ മറ്റുള്ളവരുടെ സൃഷ്ടികള്‍ക്ക്‌ ഗൗരവത്തോടെ കമന്റെഴുതുകയും ചെയ്‌തിരുന്ന നജീമിന്റെ നിശ്ശബ്ദതക്ക്‌ കാരണം ഹരികുമാറാണെന്ന്‌ കാഴ്‌ചക്കാരന്‍ ഊഹിക്കുന്നു. പൊതുവെ ലോലഹൃദയരായ കവിതയെഴുത്തുകാരുടെ ആത്മവീര്യത്തെ കെടുത്താന്‍ ദുശ്ശാസന ചെയ്യുന്നവര്‍ക്ക്‌ എളുപ്പത്തില്‍ കഴിയും. ഇപ്പോള്‍ ബ്ലോഗുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കേരള്‍ ഡോട്ട്‌ കോമിന്റെ മോഷണ വിവാദങ്ങള്‍ക്കു ശേഷം ഇനി ആരെല്ലാമാണാവോ നിശ്ശബ്ദരാവാന്‍ പോവുന്നത്‌.

ജാതിപോര്‌

പരസ്‌പരം ഭിന്നിപ്പിക്കാനുള്ള, യുദ്ധങ്ങള്‍ക്കുള്ള കളമൊരുക്കലില്‍ പലരും ഏര്‍്‌പ്പെടുന്നതു കാണുമ്പോള്‍ സര്‍ഗ്ഗശേഷിയുള്ളവരെപ്രതി ദു:ഖിക്കേണ്ടിയിരിക്കുന്നു. പൊതുജീവിതത്തില്‍ എത്രത്തോളം പരസ്‌പരം ഭിന്നിക്കാമോ അത്രത്തോളം അത്‌ ചികഞ്ഞെടുത്ത്‌ പുറത്തെടുത്ത്‌ പോരാടാനാണ്‌ നമുക്കിന്നേറെ താല്‍പര്യം. പുതു തലമുറക്ക്‌ അന്യമായ ജാതിയെ പോലും ചിലര്‍ മാന്തി പുറത്തെടുത്ത്‌ പൊതു വേദികളില്‍ ചര്‍ച്ചക്കുള്ള വിഭവമാക്കുന്നു.

ഒരു ഈഴവന്‌ മറ്റൊരു ഈഴവനെ കണ്ടൂകൂടെന്ന്‌ പ്രസ്‌താവന ഇറക്കി സിനിമാ നടന്‍ മുകേഷ്‌, പണ്ട്‌ സംവിധായകന്‍ സത്യന്‍അന്തിക്കാടിനോടുള്ള കൊതികെര്‍വ്‌ തീര്‍ത്തു. ഇപ്പോഴിതാ നായര്‌ പാരക്കഥകളുമായി തിലകന്‍ ചേട്ടന്‍. വിയോജിപ്പുകളും അവനവനേറ്റ പാരകളും ജാതിയുടെ അക്കൗണ്ടില്‍ പെടുത്തി നിര്‍വൃതി കൊള്ളുകയാണോ, മലയാളി മറക്കാന്‍ ശ്രമിക്കുന്ന ജീര്‍ണ്ണിച്ച ഐഡന്റിറ്റികളെ പുറംകാലുകൊണ്ട്‌ മാന്തി പുറത്തെടുത്ത്‌ നാടു മുഴുവന്‍ നാറ്റിക്കുകയാണോ ഇവര്‍ ചെയ്യുന്നത്‌.. അങ്ങിനെ ചില ജാതികള്‍ ചില ജാതികളോട്‌ യോജിക്കില്ലെന്ന്‌ തല മൂത്തവര്‍ 'യുക്തി'പൂര്‍വ്വം നമ്മെ പഠിപ്പിക്കുന്നു അങ്ങിനെ ജാതി എന്തെന്നറിയാത്ത മലയാളി കുഞ്ഞുങ്ങള്‍ മുകേഷിന്റേയും സത്യന്‍ അന്തിക്കാടിന്റേയും തിലകന്റേയും നെടുമുടിവേണുവിന്റേയും ജാതി മന:പാഠമാക്കാന്‍ ശ്രമിക്കുന്നു. ഇനി ഏതെല്ലാം ജാതികളാണാവോ പുറത്തു വരാനിരിക്കുന്നത്‌? മലയാളിയുടെ പൊതുജീവിതത്തിലെ ഇത്തരം സ്വഭാവ വൈചിത്ര്യങ്ങളെല്ലാം തന്നെ ബ്ലോഗുകളിലും നിഴലിക്കുന്നു. ബ്ലോഗ്‌ പ്രൊഫൈലുകളില്‍ ഇപ്പോള്‍ തന്ന ജന്മനക്ഷത്രം ഇളിച്ചു കാട്ടുന്നു. ഇനി ജാതിക്കുള്ള കോളവും വന്നുകൂടായ്‌കയില്ല. അപ്പോള്‍ പിന്നെ എളുപ്പത്തില്‍ പരസ്‌പരം അമ്പെയ്‌തു വീഴ്‌ത്താമല്ലൊ.

പേരിന്റെ പേരില്‍ പോര്‌

പ്രൊഫൈലുകളില്‍ പൂര്‍ണ്ണ വിലാസം കൊടുക്കാത്തതിന്റെ പേരില്‍ പിണക്കം കാണിക്കുന്ന നമ്മുടെ ബ്ലോഗു മുത്തച്ഛന്‍മാര്‍, പരസ്‌പരമുള്ള അറിവിലൂടെ അകലാന്‍ ശ്രമിക്കുന്ന, പോരടിക്കാന്‍ ശ്രമിക്കുന്ന മലയാളി മനസ്സിനെ കാണാതെ പോവുന്നോ ? വ്യത്യസ്ഥമായ രാഷ്ട്രീയ അഭിപ്രായങ്ങളുള്ളവരെ ജീവിക്കാന്‍ അനുവദിക്കാത്ത കണ്ണൂര്‍ ജില്ലയില്‍ നിന്നും വരുന്ന ശ്രീമാന്‍ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയെ പോലുള്ളവര്‍ ഈ കാര്യത്തില്‍ വാശി പിടിക്കുന്നതു കാണുമ്പോള്‍ വിഷമം തോന്നുന്നു.

നേര്‍ക്കുനേരെ നിന്ന്‌ പറയാനുള്ളത്‌ പറയാനും കേള്‍ക്കാനുള്ളത്‌ കേള്‍്‌ക്കാനുമുള്ള ജനാധിപത്യബോധം നമ്മള്‍ ആര്‍ജ്ജിച്ചു കഴിഞ്ഞിട്ടുണ്ടോ, ഉണ്ടെങ്കില്‍ അതു നമ്മുടെ സാമൂഹിക ജീവിതത്തില്‍ കാണേണ്ടതല്ലെ. വ്യത്യസ്ഥമായ കാഴ്‌ചപ്പാടുകളെ കുഴിച്ചുമൂടുന്ന സ്വാര്‍ത്ഥംഭരികളായ രാഷ്ടീയക്കാരുടെ നിയന്ത്രണത്തിലുള്ള ഒരു സാമൂഹിക പശ്ചാത്തലത്തില്‍ നിന്നാണ്‌ മലയാളി ഇന്നും സംസാരിക്കുന്നത്‌.

കുറച്ചുമാസങ്ങള്‍ക്ക്‌ മുമ്പ്‌ കോഴിക്കോടു ജില്ലയിലെ കുറ്റിയാടിക്കടുത്ത്‌ പാതിരപ്പറ്റയില്‍ താമസിക്കുന്ന വിനീത ടീച്ചറെ കാണാന്‍ അവരുടെ ഒരു ബന്ധുവിനൊപ്പം പോയ വേദനപ്പെടുത്തുന്ന ഒരനുഭവം എനിക്കുണ്ട്‌. ആ കാലത്ത്‌ പാര്‍ട്ടി ഭ്രഷ്ടയാക്കി കണക്കാക്കിയിരുന്ന അവരുടെ വീട്ടിലേക്കുള്ള വഴികളിലൊക്കെ ചോദ്യം ചെയ്യപ്പെടുകയും ഭീഷണികള്‍ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്‌തു. തിരിച്ചു നാട്ടിലെത്തിയപ്പോഴേക്കും പാര്‍ട്ടി സഖാക്കന്‍മാര്‍ കുത്തിനോവിക്കാനും പരിഹസിക്കാനുമായി കാത്തിരിപ്പുണ്ടായിരുന്നു. (ഒരു പക്ഷെ ഈയൊരു സൂചന മതി എന്റെ കാര്യം കട്ടപൊഹയാവാന്‍)


മതത്തിന്റേയം രാഷ്ട്രീയത്തിന്റേയും ജാതിയുടേയും ലിംഗവിവേചനത്തിന്റേയും സങ്കുചിതമായ സാമൂഹിക പശ്ചാത്തലത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക്‌ സത്യം പറയണമെങ്കില്‍ മുഖം മറച്ചു വെക്കണം എന്നത്‌ ഒരു അനിവാര്യതായി മാറുന്നു. സത്യം പറയാന്‍ ശ്രമിക്കുന്നവന്‌ ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലല്ലൊ.

അളിഞ്ഞ ചുവടുകള്‍ മാറ്റി ചവിട്ടാന്‍, കവികളല്ലാതെ കവിത ചൊല്ലുവാന്‍, കേള്‍ക്കാന്‍ ചെവികളില്ലാതെ പോവുന്ന ഒരു കാലത്ത്‌ ഉള്ളിലുള്ള വിങ്ങലുകള്‍, നെഞ്ചു കത്തുന്ന അനുഭവങ്ങള്‍, നല്ല സന്തോഷങ്ങള്‍ പങ്കുവെക്കാന്‍, പ്രണയം പറയാന്‍, സ്വപ്‌നം കാണാന്‍, കഥകള്‍ ചൊല്ലാന്‍, ആരോടെങ്കിലും കളി വര്‍ത്തമാനങ്ങള്‍ പറയാന്‍, ഗൗരവതരമായ സാമൂഹിക നിരീക്ഷണങ്ങള്‍ പങ്കുവെക്കാന്‍ ഒക്കെ ബ്ലോഗെഴുത്തുകാരന്‍ അപരനാമം സ്വീകരിക്കുന്നു. ഇതു മനുഷ്യന്റെ സര്‍ഗ്ഗാത്മകമായ ഒരു തരം പൂത്തുലയലാണ്‌, പരിണാമത്തിലേക്കുള്ള അവന്റെ ചവടുവെപ്പാണ്‌. ഈയൊരു പശ്ചാത്തലത്തില്‍ അപരനാമത്തില്‍ ബ്ലോഗു ചെയ്യുന്നവനെ വേട്ടമൃഗങ്ങള്‍ക്കിടയിലേക്ക്‌ വലിച്ചെറിയാന്‍ ചിലര്‍ കാട്ടുന്ന വ്യാഗ്രതയെ തീര്‍ച്ചയായും സംശയിച്ചുപോവുന്നു.

Thursday, May 29, 2008

നമ്മുടെ ശീര്‍ഷാസനം

സന്തോഷ്‌ മാധവനിലൂടെ തുറന്നു വിട്ട ദൂര്‍ഭൂത പരമ്പര ഇളിച്ചുനോക്കിയും പതുങ്ങി നിന്നും മലയാളിയുടെ കാപടമുഖങ്ങളെ വെളിച്ചത്തു കൊണ്ടു വരുന്നു.. ആള്‍ ദൈവങ്ങളും ഡി.വൈ.എഫ്‌.ഐ. മാര്‍ച്ചും, പോലീസും റെയ്‌ഡും.. പിന്നെ ചര്‍ച്ചയാവുന്നു, എന്തു കൊണ്ട്‌ മലയാളി വീണ്ടും ഇങ്ങിനെ ? ബ്ലോഗു മുതല്‍ അമ്പലമുറ്റം വരെ ചര്‍ച്ചകള്‍ നീളുന്നു.

കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്‌, പ്രത്യേകിച്ച്‌ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ അതിന്റെ തുടക്കം മുതലേ ഊര്‍ജ്ജം പകരാനും ഉഷാറാക്കാനും മുന്‍പന്തിയില്‍ കേരളത്തിലെ യുക്തിവാദിപ്രസ്ഥാനം ഉണ്ടായിരുന്നു. എന്തിന്‌ മത ചിഹ്നങ്ങള്‍ അണിഞ്ഞു നടക്കുന്നത്‌ നാണക്കേടായി മലയാളി യുവത്വം തിരിച്ചറിഞ്ഞു ആ കാലഘട്ടത്തില്‍. നിര്‍മ്മാല്യംപോലുള്ള സിനിമകളില്‍ സത്യസന്ധത വരച്ചു കാട്ടാന്‍ സംവിധായകര്‍ തയ്യാറായി.

പിന്നീടെന്തു സംഭവിച്ചു. കേവല യൂക്തിവാദങ്ങള്‍ക്കപ്പുറം കടക്കണമെന്ന സിദ്ധാന്തപരമായ ന്യായീകരണങ്ങള്‍ അവതരിപ്പിച്ചുകൊണ്ട്‌, വോട്ടൂബാങ്ക്‌ രാഷ്ട്രീയത്തില്‍ യുക്തിവാദി മസിലുപിടുത്തങ്ങളെ ഒതുക്കിയില്ലെങ്കില്‍ കുഴപ്പമാവുമെന്ന്‌‌ ഇ.എം.എസ്‌. (സി.പി.എമ്മിലെ ആള്‍ ദൈവമെന്ന്‌ ചില 'കമ്മ്യൂണിസ്റ്റു വിരുദ്ധര്‍' ) വളരെ പെട്ടെന്നു തിരിച്ചറിഞ്ഞു. പിന്നെ അതിനുള്ള പൂജാവിധികളൊക്കെ നിര്‍ണ്ണയിച്ചുകഴിഞ്ഞു. ഒതുക്കേണ്ടവരെയൊക്കെ വളരെ പെട്ടെന്നു തന്നെ ഒതുക്കി കൂട്ടി. അവശേഷിച്ചവര്‍ അധികാരികളായ കമ്മ്യൂണിസ്റ്റുകാരെ വലിയേട്ടനായി സ്വയം സ്വീകരിച്ചു. യൂക്തിവാദികള്‍ നേരിട്ട പ്രതിസന്ധിഘട്ടങ്ങളിലാവട്ടെ ഈ പാര്‍ട്ടികളില്‍ നിന്നും ഒരു സഹായവും ഇവര്‍ക്ക്‌ കിട്ടിയതുമില്ല. പിന്നീടെപ്പോഴോ അമ്പലകമ്മിറ്റികള്‍ പിടിച്ചെടുക്കാനുള്ള പാര്‍ട്ടി ഓര്‍ഡറും പുറത്തു വന്നു. ബി.ജെ.പി.ക്കാരെ തോല്‍പിക്കാനെന്നായിരുന്നു വാദം. ഏറെ സന്തോഷിച്ചതവാട്ടെ ബി.ജെ.പി.ക്കാരും. ചന്ദനക്കുറിയിട്ട സഖാക്കളെ കൂട്ടത്തില്‍ കിട്ടിയ സ്വാകാര്യമായ ആഹ്ലാദത്തിലായി അവര്‍. ക്രമേണ ഇവരില്‍ അന്യമത വിദ്വേഷവും വളര്‍ന്നുവരാന്‍ തുടങ്ങി.

അപ്പോഴൊക്കെയും ഇടതുപക്ഷ-വലതുപക്ഷ ഭരണഘട്ടങ്ങളില്‍ ഒരു ചടങ്ങുപോലെ യുക്തിവാദികള്‍ പൊന്നമ്പലമേട്ടില്‍ മകരവിളക്കു ദിനം തല്ലുകൊണ്ടോടി...

95 ശതമാനം പാര്‍ട്ടി അംഗങ്ങളും ജാതി നോക്കി, ജാതകം നോക്കി മക്കളുടെ വിവാഹങ്ങള്‍ അമ്പലമുറ്റങ്ങളില്‍ കെങ്കേമമാക്കി. വിഷമങ്ങളും വിശേഷങ്ങളും വന്നാല്‍ വൈരുദ്ധ്യാത്മിക ഭൗതികവാദം മറന്ന്‌ ഗണികന്‍മാര്‍ക്കു മുമ്പില്‍ തല കുമ്പിട്ടു. വലിയ വലിയ ആശയം പഠിച്ചവരിങ്ങിനെയെങ്കില്‍ സാധാരണക്കാരനെങ്ങിനെയിരിക്കും. സോവിറ്റയൂണിയന്റെ പതനം വെറും നിറം പിടിപ്പിച്ച പുറംതോടു മാത്രമാക്കി കളഞ്ഞു നമ്മുടെ കമ്മ്യൂണിസ്‌റ്റുകാരനെ.

പിന്നീട്‌ ആഗോളവല്‍ക്കരണത്തിന്റെ തുടക്കത്തിനു മുമ്പെ ഓഷോ അടക്കമുള്ള ആത്മീയ ഇറക്കുമതികള്‍ ശരാശരി മലയാളിയെ ആത്മീയ പരിവേഷങ്ങളിലേക്ക്‌ ആകര്‍ഷണീയരാക്കപ്പെട്ടു. ഇറക്കുമതി ആത്മീയതകള്‍ ആരോഗ്യമേഖലയിലേയും സാങ്കേതികതയുടേയും പുതിയ പുതിയ മേഖലകള്‍ കൂട്ടിനു പിടിച്ചാണ്‌ ജനങ്ങളിലേക്കിറങ്ങി വന്നത്‌. ജനത്തിനു പിന്നെ മറ്റെന്തു നോക്കാന്‍..... പുരോഗമന പ്രസ്ഥാനങ്ങളാവട്ടെ പഴയ ചില പല്ലവികളിലും പണത്തിലും അധികാരത്തിലും കണ്ണു വെച്ച്‌ ഉറക്കം തൂങ്ങി. എന്തിന്‌ ഇന്നു നടക്കുന്ന റെയ്‌ഡും മാര്‍ച്ചും പാര്‍ട്ടിഫണ്ടുകളിലേക്ക്‌ കോടികള്‍ ഒഴുകിയാല്‍ ഉടനെ നില്‍ക്കും, വിപ്ലവപത്രത്തിന്‌ ലോട്ടറി രാജാവിന്റെ സംഭാവന പോലെ പിന്നീടതൊരു സ്വാഭാവിക സംഭവമാവും.

നേതൃത്വങ്ങളില്‍ സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും മാതൃകകള്‍ കാണാന്‍ കിട്ടാതെ നമ്മുടെ പൊതു സമൂഹം ആര്‍ത്തി പണ്ടാരങ്ങളുടെ പിന്നാലെ കൂടി ഒടുങ്ങാത്ത ആന്തരിക സംഘര്‍ഷങ്ങളിലേക്ക്‌ വലിച്ചിഴക്കപ്പെടുന്നില്ലെ ? മലയാളിയുടെ ആത്മഹത്യാ കണക്ക്‌ മല പോലെ പെരുകി വരുന്നില്ലെ ? വിശ്വസിക്കാനന്‍ കൊള്ളാത്ത രാഷ്ടീയ നേതൃത്വങ്ങളെ വിട്ട്‌ ശരാശരി മലയാളി കണ്‍കെട്ടു സ്വാമികളുടെ കാല്‍ക്കല്‍ വീണെങ്കില്‍ എന്തതിശയം.

Saturday, May 10, 2008

ബ്ലോഗുകളെക്കുറിച്ച്‌ ഭാഷാപോഷിണി

പുതിയ ലക്കം ഭാഷാപോഷിണി ബ്ലോഗര്‍മാരെക്കുറിച്ച്‌.വിശദമായി സ്‌കാന്‍ ചെയ്‌തു വിട്ടാല്‍ മനോരമക്കാരനെന്റെ കഴുത്തിനു പിടിക്കും.വായിച്ചു നോക്കുക.

Thursday, February 21, 2008

കഥ പറയുമ്പോള്‍ ശ്രദ്ധിക്കുക

മണ്ണെണ്ണ വിളക്കിനു മുമ്പിലിരുന്ന്‌ എഴുതിയ കഥ നാലു ഭാഷകളില്‍ സിനിമയാക്കുന്ന അവിശ്വസനീയമായ യാഥാര്‍ത്ഥ്യത്തിനു മുമ്പില്‍ പകച്ചു നില്‍ക്കുകയാണ്‌ കോഴിക്കോട്‌ ജില്ലയില്‍ കൊയിലാണ്ടിക്കടുത്ത്‌ പൊയില്‍കാവ്‌ എന്ന പ്രദേശത്ത്‌ താമസിക്കുന്ന സത്യചന്ദ്രന്‍ പോയില്‍കാവ്‌ എന്ന കവി.

പൊയില്‍കാവ്‌ മേലുകാവായതും ബാര്‍ബര്‍ ബാലനും പ്രകാശനും എക്‌സലന്റ്‌ കോളേജും (കൊയിലാണ്ടി എം.എല്‍.എ. പി. വിശ്വന്‍ മാസ്റ്റര്‍ നടത്തിയിരുന്ന പാരലല്‍ കോളേജ്‌, ഇവിടെ വിശ്വന്‍ എന്ന പേരിന്‌ പകരം അദ്ദേഹത്തിന്റെ അനുജന്‍ വേണുവിന്റെ പേരാണ്‌ ശ്രീനിവാസനോട്‌ കഥ പറയുമ്പോള്‍ സത്യചന്ദ്രന്‍ ഉപയോഗിച്ചിരുന്നത്‌, മാത്രമല്ല സത്യചന്ദ്രന്‍ ഫോണില്‍ കഥ പറഞ്ഞു കൊടുത്തപ്പോള്‍ പറഞ്ഞ കഥാപാത്രങ്ങളെ അതേ പേരു തന്നെയാണ്‌ ശ്രീനിവാസന്‍ തിരക്കഥയിലും ഉപയോഗിച്ചത്‌) സത്യനെന്ന നടനോടുള്ള ഇഷ്ടകാലത്ത്‌ തനിക്ക്‌ സത്യനെന്ന പേരിട്ടതും സ്റ്റേജില്‍ കവിത അവതരിപ്പിക്കാന്‍ കയറാതെ കലയുടെ ജനസ്വാധീനത്തെക്കുറിച്ച്‌ പറയുന്ന വൈലോപ്പള്ളിയുടെ മാമ്പഴക്കഥയുമെല്ലാം പൊയില്‍ക്കാവു പ്രദേശത്തെ നാട്ടുകാര്‍ക്ക്‌ നല്ലവണ്ണമറിയാം.


ആരുടെയൊക്കെയോ സഹായത്താല്‍ കെട്ടിപ്പൊക്കിയ വീടെന്ന്‌ വേണമെങ്കില്‍ പറയാവുന്നു ഒരു കൂരക്ക്‌ വാതില്‍പാളികള്‍ക്ക്‌ പകരം ചണചാക്ക്‌ മറച്ച്‌ സത്യചന്ദ്രനും കുടുംബവും ദുരിതമനുഭവിക്കുമ്പോള്‍ ഇയാളുടെ രക്തവും കണ്ണുനീരും കൊണ്ട്‌ മലയാള സിനിമയിലെ തലതൊട്ടപ്പന്‍മാന്‍ ചെറിയൊരു സഹായം പോലും ഈ കവിക്ക്‌ ചെയ്‌തുകൊടുക്കാതെ ഉന്മാദ നൃത്തമാടുന്നത്‌ കാണുമ്പോള്‍ വല്ലാത്ത ദയനീയത തോന്നുന്നു.ഇതേക്കുറിച്ചുള്ള ഒരു വാര്‍ത്ത മാധ്യമം ദിനപത്രത്തില്‍ ഇന്ന്‌ (ഫെബ്രുവരി 22 വെള്ളിയാഴ്‌ച) പ്രസിദ്ധീകരിച്ചു കണ്ടു :


Wednesday, January 30, 2008

അക്ഷരജാലകം


അക്ഷരജാലകം
(കലാകൗമുദി ഫെബ്രുവരി -3)

എം.കെ. ഹരികൂമാറിന്റെ സ്വയം ചോദ്യവും സ്വയം ഉത്തരവും. ബ്ലോഗര്‍മാരെ ഒന്നു പരിചയപ്പെടുത്താന്‍ ഇവിടെ എടുത്തുവെക്കുന്നു.