Thursday, September 25, 2008

അധികാരവും ഭീകരവാദവും

രക്കും ഇണക്കും വേണ്ടിയുള്ള ഹിംസകള്‍ക്കു ശേഷം അന്യന്റെ മേലുള്ള അധികാരത്തിനായുള്ള യുദ്ധങ്ങള്‍ വല്ലാത്ത ഭാവമാറ്റങ്ങളോടെയാണ്‌ മനുഷ്യസമൂഹത്തിനു മുമ്പില്‍ ഇന്ന്‌ അവതരിക്കുന്നത്‌. യുദ്ധങ്ങളില്‍ പോലും പാലിക്കപ്പട്ടുപോന്നിരുന്ന സാമാന്യ തത്വങ്ങള്‍ ലക്ഷ്യപ്രാപ്‌തിക്കായി അധികാരമോഹികളായ ഈ വഷളന്‍മാര്‍ സൗകര്യപൂര്‍വ്വം അവഗണിക്കുന്നു.

ഇസ്‌ലാം മത വിശ്വാസികള്‍ പരിശുദ്ധ മാസമായി കരുതപ്പെടുന്ന റമസാന്‍ മാസത്തില്‍ തന്നെ ഇസ്ലാമാബാദില്‍ മുസ്ലിമിന്റെ പേര്‌ അവകാശപ്പെട്ടുകൊണ്ട്‌ ഭീകരമായ സ്‌ഫോടനങ്ങിലൂടെ മനുഷ്യക്കുരുതി നടത്തുന്നു ! ഇന്ത്യയില്‍ തെരുവോരങ്ങളില്‍ ബോംബ്‌ പൊട്ടിച്ച്‌ സമൂഹത്തിന്റെ ഏറ്റവും താഴെകിടയില്‍ ജീവിച്ചുപോരുന്ന സാധാരണ ജനങ്ങളെ കൊന്നും പാതി കൊന്നും അവകാശവാദങ്ങല്‍ ഉന്നയിക്കുന്നു. വളരെ വ്യക്തമല്ലെ മതവുമായി, മതവിശ്വാസവുമായി ഇത്തരം ഭീകര പ്രവര്‍ത്തികള്‍ക്ക്‌ യാതൊരു ബന്ധവുമില്ലെന്നത്‌. സാധാരണ മനുഷ്യര്‍ക്ക്‌ സ്വാധീനമുള്ള മതത്തിന്റെ കണക്കില്‍ ഇത്തരം പ്രവര്‍ത്തികളുടെ വരവു ചേര്‍ക്കലിലൂടെ പരസ്‌പരം മനുഷ്യരെ ഭിന്നിപ്പിക്കുകയോ, ജനാധിപത്യവ്യവസ്ഥിതിലേക്കുള്ള മനുഷ്യസമൂഹത്തിന്റെ സ്വാഭാവിക മുന്നോട്ടുപോക്കിനെ തടയിടുകയോ ആണ്‌ അധികാരമോഹികളായ ഇവരുടെ പ്രവര്‍ത്തിയെന്ന്‌ പകല്‍ പോലെ വ്യക്തം.

ഇതിന്റെ ഉള്ളുകള്ളികള്‍ വെളിവാകാതിരിക്കാനാവാം ഏറ്റുമുട്ടുല്‍ നാടകങ്ങളിലൂടെ പ്രതികളെന്ന്‌ മുദ്രകുത്തി ആരേയൊക്കേയോ കൊന്നൊടുക്കുന്നു. മലയാളിക്ക്‌ മറക്കാന്‍ പറ്റാത്ത നക്‌സലൈറ്റ്‌ വര്‍ഗ്ഗീസിന്റെ കൊലപാതക കുറ്റം ഏറ്റു പറഞ്ഞ രാമചന്ദ്രന്‍നായരെ പോലെ മറ്റൊരാള്‍ ജീവിച്ചിരിക്കാതിരിക്കാനാവാം "ഏറ്റുമുട്ടലുകളില്‍" നിയമപാലകരും കൊല്ലപ്പെടുന്നു.തീര്‍ത്തും ഒരു നിഗമനത്തിലെത്താന്‍ കഴിയില്ലെങ്കില്‍ പോലും ഡല്‍ഹിയില്‍ നടന്ന "ഏറ്റുമുട്ടലില്‍" മരണപ്പട്ട മോഹന്‍ചന്ദ്‌ എന്ന പോലീസൂകാരന്റെ മരണവുമായി ബന്ധപ്പെട്ട ആശുപത്രി റിപ്പോര്‍ട്ട്‌ പ്രകാരം ഇദ്ദേഹം കൊല്ലപ്പെട്ടത്‌, ശരീരത്തിന്‌ വളരെ അടുത്തുവെച്ചുണ്ടായ വെടിയേറ്റ്‌ അതിന്റെ മുറിവിലൂടെ രക്തം വാര്‍ന്നു പോയി അതേ തുടര്‍ന്നുണ്ടായ ഹൃദാഘാതം മൂലമാണെന്ന്‌ പറയുന്നു. എന്നാല്‍ ഏതു തോക്ക്‌ ഉതിര്‍ത്ത വെടിയുണ്ടായാണ്‌ ശരീരത്തിലൂടെ പാഞ്ഞുപോയതെന്ന്‌ കൃത്യമായ നിഗമനത്തിലെത്താന്‍ ഒരു പക്ഷേ, അധികാരികള്‍ക്ക്‌ കഴിഞ്ഞെന്നു വരില്ല. ഈവക കാര്യങ്ങള്‍ പൗരാവകാശത്തെപ്പറ്റി ഉല്‍ക്കണ്‌ഠ പെടുന്നവരെ സംശയാലുക്കളാക്കേണ്ടതാണ്‌.

അധികാര നാടകങ്ങളുടെ അണിയറ നീക്കങ്ങള്‍ നടത്തപ്പെടുന്നത്‌ അതത്‌ രാഷ്ട്രങ്ങളില്‍വെച്ചായികൊള്ളണമെന്നു പോലുമില്ല. മൊസാദ്‌ പോലുള്ള ചാര സംഘടനകള്‍ക്ക്‌ ഇത്തരം കൃത്യങ്ങളിലുള്ള പങ്ക്‌ ഒരു പക്ഷേ വര്‍ഷങ്ങള്‍ക്കുശേഷമായിരിക്കും വെളിപ്പെട്ടു വരിക.

അറസ്റ്റു ചെയ്യപ്പെട്ട 'പ്രതി'കളെ ലോക മാധ്യമങ്ങള്‍ക്ക്‌ മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ അവരെ അണിയിച്ച മുഖംമൂടിയുടെ സ്വഭാവം നോക്കൂ. പ്രതികള്‍ക്ക്‌ പതിവായി ഉപയോഗിക്കുന്ന കറുത്ത മുഖംമൂടിക്ക്‌ പകരം ഫലസ്‌തീന്‍ ശൈലിയിലുള്ള, ഉത്തരേന്ത്യന്‍ മുസ്ലിംകള്‍ പതിവായി ഉപയോഗിക്കുന്ന തരത്തിലുള്ള അറബ്‌ഷാള്‍ ആണ്‌ അവരെ അണിയിച്ചിരിക്കുന്നത്‌. 'തീവ്രവാദി'കളുടേയോ, 'ഭീകരവാദി'കളുടേയോ പ്രതീകമായി ഇത്തരം വേഷവിധാനങ്ങളെ അവതരിപ്പിക്കാനുള്ള തന്ത്രമായി എന്തുകൊണ്ട്‌ ഇതിനെ സംശയിച്ചുകൂടാ ?

അമേരിക്കയിലെ ട്രേഡ്‌വേള്‍ഡ്‌ സെന്ററിന്റെ തകര്‍ച്ചക്കു ശേഷം മുസ്ലീംനാമധാരികളെ, താടി വെച്ചവരേ പോലും നോട്ടപ്പുള്ളികളാക്കുന്ന ഒരു ലോക സാഹചര്യം അമേരിക്ക ബോധപൂര്‍വ്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. ഈയൊരു സാഹചര്യത്തില്‍ വേണം ഇതും വിലയിരുത്തപ്പെടാന്‍.

മനസ്സകലുമ്പോള്‍
ഇന്നുവരെ നാമാര്‍ജ്ജിച്ച ശാസ്‌ത്രനേട്ടത്തിന്റേയും ഉന്നതമായ തത്വദര്‍ശനങ്ങളുടേയും വെളിച്ചത്തിലൂടെ മനുഷ്യസമൂഹം ജനാധിപത്യത്തിലേക്കും സോഷ്യലിസിസ്‌റ്റ്‌ ബോധത്തിലേക്കും സ്വാഭാവിമായും മുന്നേറാന്‍ ശ്രമിക്കുമ്പോള്‍, അധികാരത്തിന്റെ സുഖത്തിലമര്‍ന്നുപോയവര്‍ അതിനെ തടയിടാന്‍ ശ്രമിക്കുക സ്വാഭാവികം. ഇത്തരം ശക്തികളാണ്‌ ഇതുപോലുള്ള യുദ്ധങ്ങളുടെ പിന്നണിയില്‍ പ്രവര്‍ക്കിക്കുന്നത്‌ എന്ന്‌ മാനവസമൂഹം തിരിച്ചറിഞ്ഞേ തീരൂ.

മതത്തിന്റെ മൗലികമായ ആശയങ്ങളില്‍ വിശ്വസിച്ച്‌ മുന്നോട്ടു പോയവരെ അരക്ഷിതാവസ്ഥയില്‍ എത്തിച്ച്‌ രാഷ്ട്രീയ മുഖം നല്‍കി സമൂഹത്തെ മിക്കവാറും വര്‍ഗ്ഗീയവല്‍ക്കരിച്ച ശക്തികള്‍ തന്നെയാണ്‌ അവര്‍ക്ക്‌ ഭീകരവാദമുഖം നല്‍കാന്‍ ശ്രമിക്കുന്നതും എന്ന കാര്യം ശ്രദ്ധേയമാണ്‌. അധികാര തല്‍പരമായ ദുഷ്ടശക്തികളുടെ സ്വാധീനം, അറിയാതെയെങ്കിലും സാവധാനത്തില്‍ സാധാരണ ജനങ്ങളിലേക്ക്‌ എത്തിപ്പെടുന്നു. ഒരു പ്രത്യേക ജനവിഭാഗത്തെ അകറ്റിനിര്‍ത്താനോ, സംശയിക്കാനോ ഒരുമിച്ചു കഴിയുന്നവര്‍ ശ്രമിക്കുന്നത്‌ ഇതുകൊണ്ടു തന്നെ. എന്നാല്‍ ഇതിനെ തടയിടാന്‍ പ്രാപ്‌തമായ, നേരത്തെ സൂചിപ്പിച്ച ഉന്നതമായ ദര്‍ശനങ്ങള്‍ക്ക്‌ കഴിയാതെ പോയതിനു കാരണം സൂക്ഷ്‌മമായി വിശകലനം ചെയ്യേണ്ടതുണ്ട്‌. അതിലപ്പുറം, അധികാരവിരുദ്ധമായ രീതിയില്‍ മാനുഷിക ബന്ധങ്ങളുടെ ഊട്ടിയുറപ്പിന്‌ പര്യാപ്‌തമാവുന്നതെന്തൈല്ലാമെന്ന ഒരു പുതുപാഠം പടിച്ചു തുടങ്ങാന്‍ നാം തയ്യാറാവേണ്ടിയിരിക്കുന്നു.

(
വീണ്ടും ആക്രമിക്കപ്പെടുമ്പോള്‍ ,
ഏറ്റുമുട്ടല്‍: ദുരൂഹത ഏറുന്നു,
ഭരണകൂട ഭീകരത,
തീവ്രവാദികളെ പോലിസ്‌ നിര്‍മിക്കുമ്പോള്‍,
മുസ്ലീങ്ങളെല്ലാം ഭീകരരാണോ?
സിമിയും ശബാന അസ്‌മിയും തമ്മിലെന്ത്‌? എന്നീ ബ്ലോഗുകളിലൂടേയും വാര്‍ത്തകളിലൂടേയും വായിച്ചു പോയപ്പോള്‍ തോന്നിയ ഒരഭിപ്രായം)