Tuesday, August 12, 2008

അണ്ടി വങ്ങാനെത്തിയ അഫ്‌ഗാന്‍കാര്

‍കഴിഞ്ഞ ആഴ്‌ച പ്രധാന മലയാളദിനപത്രങ്ങളിലെല്ലാം ദുരൂഹസാഹചര്യത്തില്‍ അഫ്‌ഗാന്‍കാര്‍ പിടിയിലായെന്ന വാര്‍ത്ത വായിച്ച്‌ കേരളീയന്‍ പണ്ടത്തെ ചാരകഥ കേട്ടെന്നപോലെ ദേശസ്‌നേഹം കൊണ്ട്‌ പുളകിതരായി.

അണ്ടിയെക്കുറിച്ചധികം അറിയാത്ത ഈ അഫ്‌ഗാന്‍ കുണ്ടന്‍മാരെങ്ങിനെ കുണ്ടറയിലെത്തി എന്നായി ദൂരൂഹത. ദക്ഷിണേന്ത്യയിലാണെങ്കില്‍ ബോംബു മണക്കുന്ന സമയവും. കുണ്ടറ പോലീസിന്റെ ചോദ്യംചെയ്യലിലും അന്വേഷണങ്ങള്‍ക്കും ഒടുവിലാണ്‌ കാര്യം ആകെ നിസ്സാരമായി പോയത്‌.

കേരളത്തില്‍ വിലക്കുറവില്‍ കച്ചവടത്തിനായ്‌ കശുവണ്ടി സുലഭമായി ലഭിക്കുമെന്നറിഞ്ഞാണ്‌ ആ അഫ്‌ഗാന്‍ യുവാക്കള്‍ ഇവിടേക്ക്‌ വണ്ടി കയറിയത്‌. വണ്ടി ഇറങ്ങിയപ്പോഴെ നാടറിയാത്തവരെ മുച്ചക്ര വാഹനക്കാര്‍ വളഞ്ഞു. കുറഞ്ഞ ചിലവില്‍ താമസസ്ഥലം അന്വേഷിച്ച ഈ യുവാക്കളെയും പേറി ഒരു ഓട്ടോക്കാരന്‍ നീട്ടിപിടിച്ച്‌ ഓട്ടം തുടങ്ങി എത്ര ഓടുന്നോ അത്രക്കധികം പണം പിടുങ്ങാമല്ലൊ എന്നതു മാത്രമായി ഓട്ടോകാരന്റെ ചിന്ത. (അരിക്കൊക്കെ എന്താ വില) ലോഡ്‌ജിലെത്തി കുറഞ്ഞ ചിലവില്‍ മുറി അന്വേഷിച്ച ഇവര്‍ക്ക്‌ റൂം ബോയ്‌ ലോഡ്‌ജ്‌ മാനേജര്‍ അറിയാതെ ചെറിയൊരു അഡ്‌ജസറ്റ്‌മെന്റ്‌ എന്ന നിലയില്‍ മുമ്പ്‌ താമസിച്ചയാളുടെ അതേ പേരില്‍ തന്നെ ഇവര്‍ക്കും റൂം നല്‍കി. മലയാളിയുടെ ഇത്തരം "സഹായസഹകരണങ്ങള്‍" തങ്ങളെ ആകെ അവതാളത്തിലെത്തിക്കുമെന്ന്‌ അഫ്‌ഗാന്‍കാര്‍ തീരെ പ്രതീക്ഷിച്ചില്ല. ഐ.ബി., റോ. എന്നീ രഹസ്യന്വേഷണ ഏജന്‍സികള്‍ വരെ അന്വേഷണങ്ങളുടെ നീണ്ട നിര തന്നെ...

നൂറ്റാണ്ടുകളിലൂടെ യുദ്ധങ്ങളുടേയും കലാപങ്ങളുടേയും തീയില്‍ വളര്‍ന്ന അഫ്‌ഗാന്‍ പ്രദേശത്തുകാരുടെ സാന്നിദ്ധ്യത്തെ പോലും ലോകം മുഴുവനും ബോംബിനെപോലെ ഭയക്കുന്നു എന്നതിനുള്ള അവസാന തെളിവായി നമ്മുടെ നാട്ടിലെത്തിയ ഈ അഫ്‌കാന്‍കാരും.