Saturday, December 6, 2008

ദൈവങ്ങള്‍ കുലുങ്ങുമ്പോള്‍

ബെര്‍ളിതോമസിന്റെ " ജനതയുടെ വെട്ടുകിളിരാഷ്ട്രീയവും മാധ്യമങ്ങളുടെ അരാഷ്ട്രീയപ്രവണതകളും" എന്ന ലേഖനത്തിലെ രാഷ്ടീയ വിലയിരുത്തലുകളോട്‌ ഒരു പ്രതികരണം.

പുരോഹിതവര്‍ഗ്ഗത്തിന്റേയോ രാഷ്ട്രീയക്കാരന്റേയോ മാത്രം വീഴ്‌ചയായിരുന്നില്ല രണ്ടായിരത്തിനു (2008 അല്ല) ശേഷം സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ചരിത്രപരമായ അനിവാര്യതപോലെ അധികാരത്തിന്റെ, സങ്കുചിതത്വത്തിന്റെ സകലമാന സ്വത്വങ്ങളും തകര്‍ന്നടിയലിന്‌ കാരണമായത്‌ കമ്മ്യൂണിസ്‌റ്റ്‌ ഇരുമ്പുമറകളുടെ തകര്‍ന്നടിയലും ആഗോളവല്‍ക്കരണത്തിന്റെ ആരംഭവുമാണ്‌്‌. ഇതിനെ അധികാരത്തിന്റെ ജനകീയവല്‍ക്കരണമെന്ന രാഷ്ടീയക്കാരന്റെ ഔദാര്യത്തിലേക്ക്‌ ഒതുക്കാന്‍ കഴിയില്ല. അതുപോലെ തന്നെ പൗരോഹിത്യത്തെ ചൂണ്ടുന്ന കന്യാസ്‌ത്രീയോടുള്ള കുസൃതിചോദ്യത്തിലൂടേയും ആദരാഞ്‌ജലി റാലിയിലെ പ്ലാക്കാര്‍ഡിലൂടേയും അതിന്റെ അലയൊലികളെ നിര്‍ണ്ണയിക്കുന്നതും തെറ്റാവും. (എന്തുകൊണ്ട്‌ സി.പി.എം. സംസ്ഥാന സമ്മേളനവേദിയിലേക്കുള്ള കുപ്പിയേറ്‌ വിട്ടുപോയി ? ) അരാഷ്ട്രീയത്തെക്കുറിച്ചുള്ള നീരീക്ഷണം ശരിയാവുമ്പോള്‍ തന്നെ അതിന്റെ ഭാഗമായി മാറുന്ന സിപിഎം ശൈലീമാറ്റത്തെ അംഗീകരിക്കുന്നത്‌ വിചിത്രമായി തോന്നുന്നു. പ്രായോഗികമായി വിജയവുമാണെന്ന ബെര്‍ളിയുടെ മറുപടി കമന്റ്‌്‌ ഈ വൈചിത്ര്യത്തെ ശരി വെക്കുകയും ചെയ്യുന്നു.

ഇരുമ്പന്‍ കമ്മ്യൂണിസത്തിന്റെ അസ്‌തമനത്തിനു മുമ്പുതന്നെ ലോകം മുഴുവന്‍ മനുഷ്യാവകാശ, സ്‌ത്രീ വിമോചന, ദളിത. മല്‍സ്യതൊഴിലാളി. ബദല്‍ ആരോഗ്യ, ബദല്‍ മാധ്യമ, വിദ്യാഭ്യാസ, പരിസ്ഥിതി പ്രസ്ഥാനങ്ങളുടെം സജീവ ഇടപെടലുകള്‍ പൊതു സമൂഹത്തില്‍ നടന്നുകഴിഞ്ഞിരുന്നു. ഒരു അനിവാര്യത പോലെയാണ്‌ ഇതെല്ലാം ഉടലെടുത്തതെങ്കില്‍ പോലും സാമ്രാജ്യത്വശക്തികള്‍ ആളും അര്‍ത്ഥവും നല്‍കി ഇതിനെയെല്ലാം പിന്നില്‍ നിന്നും പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരുന്നു. (മുതലാളിത്തം അങ്ങിനെയാണ്‌, സ്വാഭാവികമായ, പ്രായോഗികമായ ഒഴുക്കുകളെ, ആര്‍ത്തികളെ പ്രോല്‍സാഹിപ്പിച്ചാണ്‌ അതിന്റെ വേരുകള്‍ വളരുക.)

മുകളില്‍ സൂചിച്ചിച്ച പ്രസ്ഥാനങ്ങളുടെ ശ്രമം കൊണ്ടും സമ്മര്‍ദ്ദം കൊണ്ടും ഇതുവരേയും മനുഷ്യര്‍ ഒളിപ്പിച്ചു വെക്കാന്‍ ശ്രമിച്ചതൊക്കെ, അടക്കി നിര്‍ത്തിയതൊക്കെ വെളിച്ചത്തു വരാന്‍ തുടങ്ങി. ഈ വെളിച്ചത്തിലൂടെയാണ്‌ ആഗോളവല്‍ക്കരണം ധ്രുതഗതിയിലാവുന്നത്‌. ആഗോള മുതലാളിത്തശക്തികള്‍ക്ക്‌ സഹായകരമായ നിയമനിര്‍മ്മാണങ്ങള്‍ നടത്തിയതോടൊപ്പം ജനോപകാരപ്രദമായേക്കാവുന്ന അധികാരവികേന്ദ്രീകരണം, അറിയാനുള്ള അവകാശം തുടങ്ങിയവയൊക്കെ ഭരണാധികാരികള്‍ തന്നെ വക വെച്ചു കൊടുക്കാന്‍ തയ്യാറായി. അതോടൊപ്പം തന്നെ വിഷ്വല്‍ മീഡിയ, ഇന്റര്‍നെറ്റ്‌, മൊബൈല്‍ ഫോണ്‍ എന്നിവയിലൂടെ ഒരു സ്‌ഫോടനം തന്നെ പൊതു സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ക്രമേണെ വിഗ്രഹങ്ങളെല്ലാം നിലം പതിക്കാന്‍ തുടങ്ങുന്നു. കമ്മ്യൂണിസത്തിനൊപ്പം കത്തോലിക്കാമതത്തിന്റെയും ഇരുമ്പുമറ തുരുമ്പെടുക്കാന്‍ തുടങ്ങി. പാതിരിമാരുടെ രതിയെപ്പറ്റി പോപ്പിനു പോലും ഏറ്റു പറയേണ്ടിവന്നു. അവശേഷിച്ച കമ്മ്യൂണിസ്‌റ്റുകാര്‍ക്ക്‌ കടുത്ത ചിട്ടവട്ടങ്ങളെ മാറ്റി വെച്ച്‌ ആഗോളവല്‍ക്കരണകാലത്തിനനുയോജ്യമായ നയ സമീപനങ്ങള്‍ സ്വീകരിക്കേണ്ടിവന്നു.

എന്നാല്‍ പറയപ്പെടുന്ന രീതിയിലുള്ള പുരോഗമനപരമോ ജനാധിപത്യപരമായോ ഉളള മറ്റമായി ഇതിനെ കാണാനും പറ്റില്ല. ലാഭകണ്ണോടെ ജനിച്ച ആഗോളവല്‍ക്കരണത്തോടൊപ്പം മള മാന്തി പുറത്തു വന്നതാണ്‌ മത പുനരുദ്ധാനവാദങ്ങളും. സ്ഥാപനവല്‍ക്കരിക്കപ്പെട്ട പലതും തകരുമ്പോള്‍ തന്നെ കടുത്ത ആചാര-വിശ്വാസങ്ങള്‍ പുലര്‍ത്തിപോരുന്ന ചില സമ്പ്രദായങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കുകയും ചെയ്‌തു എന്നത്‌ വൈപരീത്യമായി തോന്നുന്നു. ഇതിന്റെ മൂര്‍ദ്ധന്യ ഭാവങ്ങളാണ്‌ മത തീവ്രവാദങ്ങളും ഭീകരവാദങ്ങളും. കമ്മ്യൂണിസത്തിനെ അടിക്കാനുള്ള വടിയായിട്ടാണ്‌ ഇസ്ലാമിക തീവ്രവാദത്തെ അമേരിക്ക പ്രോല്‍സാഹിപ്പിച്ചതെങ്കില്‍
(സി.കെ. ബാബു) ഇന്ന്‌ തുറന്ന സാമ്പത്തിക ഭൂലോകക്രമത്തിനു തന്നെ ഭീഷണിയായി ഇതു വളര്‍ന്നുകഴിഞ്ഞു, ഇന്ത്യയെപോലെ ശക്തമായ ജനാധിപത്യ സംവിധാനങ്ങളുള്ള രാഷ്ട്രങ്ങളെ തകര്‍ക്കലായി മാറുന്നു ഇവരുടെ ലക്ഷ്യം (മാരീചന്‍)

ഇന്ന്‌ ലോകജനതയെ ഒരു പോലെ സ്വാധീനിക്കുന്നത്‌ രണ്ടു ഘടകങ്ങളാണെന്ന്‌ സാമാന്യമായി പറയാം. ഒന്ന്‌, ആഗോളവല്‍ക്കരണത്തിന്റെ തുറന്ന സമീപന രീതികള്‍ മറ്റൊന്ന്‌ മതബോധത്തിന്റെ ഇടുങ്ങിയ വഴികള്‍. (ഈ രണ്ടു ഘടകങ്ങളും രാഷ്ട്രീയക്കാരേയും മീഡിയയേയും ഒരു പോലെ സ്വാധീനിക്കുന്നു )

ഇവ തന്നെയാണ്‌ ഇന്ന്‌ കേരളത്തിലെ സി.പി.എമ്മിനെയും ചലിപ്പിക്കുന്നത്‌ എന്നത്‌ രസകരമായി തോന്നുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ നടക്കുന്നത്‌ ജനാധിപത്യവല്‍ക്കരണമോ ഉല്‍പതിഷ്‌ണുക്കളുടെ വിജയമോ ആയി കണക്കാക്കന്‍ പറ്റില്ല. അങ്ങിനെയായിരുന്നെങ്കില്‍ കേരളത്തിലെ സി.പി.എം. അതിന്റെ ഫാസിസ്റ്റ്‌ മനോഭാവം എന്നേ വെടിഞ്ഞേനെ. കേരളത്തിലെ ക്യാമ്പസുകളിലും മറ്റും നടക്കുന്ന അരാഷ്ടീയവല്‍ക്കരണവും ഇതിന്റെ ഭാഗം തന്നെ. ക്യാമ്പസുകളില്‍ ഫാസിസം നടപ്പാക്കുന്ന എസ്‌.എഫ്‌.ഐ. സമീപനത്തിനുള്ള തിരിച്ചടിയായിട്ടാണ്‌ എബിവിപിയും ക്യാമ്പസ്‌ ഫ്രണ്ടും ശക്തമാവുന്നത്‌.

പിന്‍മൊഴി : ബെര്‍ളി, സി.പി.എം. സംസ്ഥാന സമ്മേളന വേദിയിലേക്ക്‌ കുപ്പിയെറിഞ്ഞവന്റേത്‌ രാഷ്ട്രീയമോ അരാഷ്ട്രീയമോ ? ഏതു രീതിയിലാണത്‌ വിലയിരുത്തുക. പിണറായി തന്നെ പറയുന്നു : 'കുടിച്ച കള്ള്‌ കുമ്പയിലിരിക്കണ'മെന്ന്‌ .