Thursday, May 29, 2008

നമ്മുടെ ശീര്‍ഷാസനം

സന്തോഷ്‌ മാധവനിലൂടെ തുറന്നു വിട്ട ദൂര്‍ഭൂത പരമ്പര ഇളിച്ചുനോക്കിയും പതുങ്ങി നിന്നും മലയാളിയുടെ കാപടമുഖങ്ങളെ വെളിച്ചത്തു കൊണ്ടു വരുന്നു.. ആള്‍ ദൈവങ്ങളും ഡി.വൈ.എഫ്‌.ഐ. മാര്‍ച്ചും, പോലീസും റെയ്‌ഡും.. പിന്നെ ചര്‍ച്ചയാവുന്നു, എന്തു കൊണ്ട്‌ മലയാളി വീണ്ടും ഇങ്ങിനെ ? ബ്ലോഗു മുതല്‍ അമ്പലമുറ്റം വരെ ചര്‍ച്ചകള്‍ നീളുന്നു.

കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്‌, പ്രത്യേകിച്ച്‌ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ അതിന്റെ തുടക്കം മുതലേ ഊര്‍ജ്ജം പകരാനും ഉഷാറാക്കാനും മുന്‍പന്തിയില്‍ കേരളത്തിലെ യുക്തിവാദിപ്രസ്ഥാനം ഉണ്ടായിരുന്നു. എന്തിന്‌ മത ചിഹ്നങ്ങള്‍ അണിഞ്ഞു നടക്കുന്നത്‌ നാണക്കേടായി മലയാളി യുവത്വം തിരിച്ചറിഞ്ഞു ആ കാലഘട്ടത്തില്‍. നിര്‍മ്മാല്യംപോലുള്ള സിനിമകളില്‍ സത്യസന്ധത വരച്ചു കാട്ടാന്‍ സംവിധായകര്‍ തയ്യാറായി.

പിന്നീടെന്തു സംഭവിച്ചു. കേവല യൂക്തിവാദങ്ങള്‍ക്കപ്പുറം കടക്കണമെന്ന സിദ്ധാന്തപരമായ ന്യായീകരണങ്ങള്‍ അവതരിപ്പിച്ചുകൊണ്ട്‌, വോട്ടൂബാങ്ക്‌ രാഷ്ട്രീയത്തില്‍ യുക്തിവാദി മസിലുപിടുത്തങ്ങളെ ഒതുക്കിയില്ലെങ്കില്‍ കുഴപ്പമാവുമെന്ന്‌‌ ഇ.എം.എസ്‌. (സി.പി.എമ്മിലെ ആള്‍ ദൈവമെന്ന്‌ ചില 'കമ്മ്യൂണിസ്റ്റു വിരുദ്ധര്‍' ) വളരെ പെട്ടെന്നു തിരിച്ചറിഞ്ഞു. പിന്നെ അതിനുള്ള പൂജാവിധികളൊക്കെ നിര്‍ണ്ണയിച്ചുകഴിഞ്ഞു. ഒതുക്കേണ്ടവരെയൊക്കെ വളരെ പെട്ടെന്നു തന്നെ ഒതുക്കി കൂട്ടി. അവശേഷിച്ചവര്‍ അധികാരികളായ കമ്മ്യൂണിസ്റ്റുകാരെ വലിയേട്ടനായി സ്വയം സ്വീകരിച്ചു. യൂക്തിവാദികള്‍ നേരിട്ട പ്രതിസന്ധിഘട്ടങ്ങളിലാവട്ടെ ഈ പാര്‍ട്ടികളില്‍ നിന്നും ഒരു സഹായവും ഇവര്‍ക്ക്‌ കിട്ടിയതുമില്ല. പിന്നീടെപ്പോഴോ അമ്പലകമ്മിറ്റികള്‍ പിടിച്ചെടുക്കാനുള്ള പാര്‍ട്ടി ഓര്‍ഡറും പുറത്തു വന്നു. ബി.ജെ.പി.ക്കാരെ തോല്‍പിക്കാനെന്നായിരുന്നു വാദം. ഏറെ സന്തോഷിച്ചതവാട്ടെ ബി.ജെ.പി.ക്കാരും. ചന്ദനക്കുറിയിട്ട സഖാക്കളെ കൂട്ടത്തില്‍ കിട്ടിയ സ്വാകാര്യമായ ആഹ്ലാദത്തിലായി അവര്‍. ക്രമേണ ഇവരില്‍ അന്യമത വിദ്വേഷവും വളര്‍ന്നുവരാന്‍ തുടങ്ങി.

അപ്പോഴൊക്കെയും ഇടതുപക്ഷ-വലതുപക്ഷ ഭരണഘട്ടങ്ങളില്‍ ഒരു ചടങ്ങുപോലെ യുക്തിവാദികള്‍ പൊന്നമ്പലമേട്ടില്‍ മകരവിളക്കു ദിനം തല്ലുകൊണ്ടോടി...

95 ശതമാനം പാര്‍ട്ടി അംഗങ്ങളും ജാതി നോക്കി, ജാതകം നോക്കി മക്കളുടെ വിവാഹങ്ങള്‍ അമ്പലമുറ്റങ്ങളില്‍ കെങ്കേമമാക്കി. വിഷമങ്ങളും വിശേഷങ്ങളും വന്നാല്‍ വൈരുദ്ധ്യാത്മിക ഭൗതികവാദം മറന്ന്‌ ഗണികന്‍മാര്‍ക്കു മുമ്പില്‍ തല കുമ്പിട്ടു. വലിയ വലിയ ആശയം പഠിച്ചവരിങ്ങിനെയെങ്കില്‍ സാധാരണക്കാരനെങ്ങിനെയിരിക്കും. സോവിറ്റയൂണിയന്റെ പതനം വെറും നിറം പിടിപ്പിച്ച പുറംതോടു മാത്രമാക്കി കളഞ്ഞു നമ്മുടെ കമ്മ്യൂണിസ്‌റ്റുകാരനെ.

പിന്നീട്‌ ആഗോളവല്‍ക്കരണത്തിന്റെ തുടക്കത്തിനു മുമ്പെ ഓഷോ അടക്കമുള്ള ആത്മീയ ഇറക്കുമതികള്‍ ശരാശരി മലയാളിയെ ആത്മീയ പരിവേഷങ്ങളിലേക്ക്‌ ആകര്‍ഷണീയരാക്കപ്പെട്ടു. ഇറക്കുമതി ആത്മീയതകള്‍ ആരോഗ്യമേഖലയിലേയും സാങ്കേതികതയുടേയും പുതിയ പുതിയ മേഖലകള്‍ കൂട്ടിനു പിടിച്ചാണ്‌ ജനങ്ങളിലേക്കിറങ്ങി വന്നത്‌. ജനത്തിനു പിന്നെ മറ്റെന്തു നോക്കാന്‍..... പുരോഗമന പ്രസ്ഥാനങ്ങളാവട്ടെ പഴയ ചില പല്ലവികളിലും പണത്തിലും അധികാരത്തിലും കണ്ണു വെച്ച്‌ ഉറക്കം തൂങ്ങി. എന്തിന്‌ ഇന്നു നടക്കുന്ന റെയ്‌ഡും മാര്‍ച്ചും പാര്‍ട്ടിഫണ്ടുകളിലേക്ക്‌ കോടികള്‍ ഒഴുകിയാല്‍ ഉടനെ നില്‍ക്കും, വിപ്ലവപത്രത്തിന്‌ ലോട്ടറി രാജാവിന്റെ സംഭാവന പോലെ പിന്നീടതൊരു സ്വാഭാവിക സംഭവമാവും.

നേതൃത്വങ്ങളില്‍ സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും മാതൃകകള്‍ കാണാന്‍ കിട്ടാതെ നമ്മുടെ പൊതു സമൂഹം ആര്‍ത്തി പണ്ടാരങ്ങളുടെ പിന്നാലെ കൂടി ഒടുങ്ങാത്ത ആന്തരിക സംഘര്‍ഷങ്ങളിലേക്ക്‌ വലിച്ചിഴക്കപ്പെടുന്നില്ലെ ? മലയാളിയുടെ ആത്മഹത്യാ കണക്ക്‌ മല പോലെ പെരുകി വരുന്നില്ലെ ? വിശ്വസിക്കാനന്‍ കൊള്ളാത്ത രാഷ്ടീയ നേതൃത്വങ്ങളെ വിട്ട്‌ ശരാശരി മലയാളി കണ്‍കെട്ടു സ്വാമികളുടെ കാല്‍ക്കല്‍ വീണെങ്കില്‍ എന്തതിശയം.

Saturday, May 10, 2008

ബ്ലോഗുകളെക്കുറിച്ച്‌ ഭാഷാപോഷിണി

പുതിയ ലക്കം ഭാഷാപോഷിണി ബ്ലോഗര്‍മാരെക്കുറിച്ച്‌.വിശദമായി സ്‌കാന്‍ ചെയ്‌തു വിട്ടാല്‍ മനോരമക്കാരനെന്റെ കഴുത്തിനു പിടിക്കും.വായിച്ചു നോക്കുക.