Thursday, May 29, 2008

നമ്മുടെ ശീര്‍ഷാസനം

സന്തോഷ്‌ മാധവനിലൂടെ തുറന്നു വിട്ട ദൂര്‍ഭൂത പരമ്പര ഇളിച്ചുനോക്കിയും പതുങ്ങി നിന്നും മലയാളിയുടെ കാപടമുഖങ്ങളെ വെളിച്ചത്തു കൊണ്ടു വരുന്നു.. ആള്‍ ദൈവങ്ങളും ഡി.വൈ.എഫ്‌.ഐ. മാര്‍ച്ചും, പോലീസും റെയ്‌ഡും.. പിന്നെ ചര്‍ച്ചയാവുന്നു, എന്തു കൊണ്ട്‌ മലയാളി വീണ്ടും ഇങ്ങിനെ ? ബ്ലോഗു മുതല്‍ അമ്പലമുറ്റം വരെ ചര്‍ച്ചകള്‍ നീളുന്നു.

കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്‌, പ്രത്യേകിച്ച്‌ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ അതിന്റെ തുടക്കം മുതലേ ഊര്‍ജ്ജം പകരാനും ഉഷാറാക്കാനും മുന്‍പന്തിയില്‍ കേരളത്തിലെ യുക്തിവാദിപ്രസ്ഥാനം ഉണ്ടായിരുന്നു. എന്തിന്‌ മത ചിഹ്നങ്ങള്‍ അണിഞ്ഞു നടക്കുന്നത്‌ നാണക്കേടായി മലയാളി യുവത്വം തിരിച്ചറിഞ്ഞു ആ കാലഘട്ടത്തില്‍. നിര്‍മ്മാല്യംപോലുള്ള സിനിമകളില്‍ സത്യസന്ധത വരച്ചു കാട്ടാന്‍ സംവിധായകര്‍ തയ്യാറായി.

പിന്നീടെന്തു സംഭവിച്ചു. കേവല യൂക്തിവാദങ്ങള്‍ക്കപ്പുറം കടക്കണമെന്ന സിദ്ധാന്തപരമായ ന്യായീകരണങ്ങള്‍ അവതരിപ്പിച്ചുകൊണ്ട്‌, വോട്ടൂബാങ്ക്‌ രാഷ്ട്രീയത്തില്‍ യുക്തിവാദി മസിലുപിടുത്തങ്ങളെ ഒതുക്കിയില്ലെങ്കില്‍ കുഴപ്പമാവുമെന്ന്‌‌ ഇ.എം.എസ്‌. (സി.പി.എമ്മിലെ ആള്‍ ദൈവമെന്ന്‌ ചില 'കമ്മ്യൂണിസ്റ്റു വിരുദ്ധര്‍' ) വളരെ പെട്ടെന്നു തിരിച്ചറിഞ്ഞു. പിന്നെ അതിനുള്ള പൂജാവിധികളൊക്കെ നിര്‍ണ്ണയിച്ചുകഴിഞ്ഞു. ഒതുക്കേണ്ടവരെയൊക്കെ വളരെ പെട്ടെന്നു തന്നെ ഒതുക്കി കൂട്ടി. അവശേഷിച്ചവര്‍ അധികാരികളായ കമ്മ്യൂണിസ്റ്റുകാരെ വലിയേട്ടനായി സ്വയം സ്വീകരിച്ചു. യൂക്തിവാദികള്‍ നേരിട്ട പ്രതിസന്ധിഘട്ടങ്ങളിലാവട്ടെ ഈ പാര്‍ട്ടികളില്‍ നിന്നും ഒരു സഹായവും ഇവര്‍ക്ക്‌ കിട്ടിയതുമില്ല. പിന്നീടെപ്പോഴോ അമ്പലകമ്മിറ്റികള്‍ പിടിച്ചെടുക്കാനുള്ള പാര്‍ട്ടി ഓര്‍ഡറും പുറത്തു വന്നു. ബി.ജെ.പി.ക്കാരെ തോല്‍പിക്കാനെന്നായിരുന്നു വാദം. ഏറെ സന്തോഷിച്ചതവാട്ടെ ബി.ജെ.പി.ക്കാരും. ചന്ദനക്കുറിയിട്ട സഖാക്കളെ കൂട്ടത്തില്‍ കിട്ടിയ സ്വാകാര്യമായ ആഹ്ലാദത്തിലായി അവര്‍. ക്രമേണ ഇവരില്‍ അന്യമത വിദ്വേഷവും വളര്‍ന്നുവരാന്‍ തുടങ്ങി.

അപ്പോഴൊക്കെയും ഇടതുപക്ഷ-വലതുപക്ഷ ഭരണഘട്ടങ്ങളില്‍ ഒരു ചടങ്ങുപോലെ യുക്തിവാദികള്‍ പൊന്നമ്പലമേട്ടില്‍ മകരവിളക്കു ദിനം തല്ലുകൊണ്ടോടി...

95 ശതമാനം പാര്‍ട്ടി അംഗങ്ങളും ജാതി നോക്കി, ജാതകം നോക്കി മക്കളുടെ വിവാഹങ്ങള്‍ അമ്പലമുറ്റങ്ങളില്‍ കെങ്കേമമാക്കി. വിഷമങ്ങളും വിശേഷങ്ങളും വന്നാല്‍ വൈരുദ്ധ്യാത്മിക ഭൗതികവാദം മറന്ന്‌ ഗണികന്‍മാര്‍ക്കു മുമ്പില്‍ തല കുമ്പിട്ടു. വലിയ വലിയ ആശയം പഠിച്ചവരിങ്ങിനെയെങ്കില്‍ സാധാരണക്കാരനെങ്ങിനെയിരിക്കും. സോവിറ്റയൂണിയന്റെ പതനം വെറും നിറം പിടിപ്പിച്ച പുറംതോടു മാത്രമാക്കി കളഞ്ഞു നമ്മുടെ കമ്മ്യൂണിസ്‌റ്റുകാരനെ.

പിന്നീട്‌ ആഗോളവല്‍ക്കരണത്തിന്റെ തുടക്കത്തിനു മുമ്പെ ഓഷോ അടക്കമുള്ള ആത്മീയ ഇറക്കുമതികള്‍ ശരാശരി മലയാളിയെ ആത്മീയ പരിവേഷങ്ങളിലേക്ക്‌ ആകര്‍ഷണീയരാക്കപ്പെട്ടു. ഇറക്കുമതി ആത്മീയതകള്‍ ആരോഗ്യമേഖലയിലേയും സാങ്കേതികതയുടേയും പുതിയ പുതിയ മേഖലകള്‍ കൂട്ടിനു പിടിച്ചാണ്‌ ജനങ്ങളിലേക്കിറങ്ങി വന്നത്‌. ജനത്തിനു പിന്നെ മറ്റെന്തു നോക്കാന്‍..... പുരോഗമന പ്രസ്ഥാനങ്ങളാവട്ടെ പഴയ ചില പല്ലവികളിലും പണത്തിലും അധികാരത്തിലും കണ്ണു വെച്ച്‌ ഉറക്കം തൂങ്ങി. എന്തിന്‌ ഇന്നു നടക്കുന്ന റെയ്‌ഡും മാര്‍ച്ചും പാര്‍ട്ടിഫണ്ടുകളിലേക്ക്‌ കോടികള്‍ ഒഴുകിയാല്‍ ഉടനെ നില്‍ക്കും, വിപ്ലവപത്രത്തിന്‌ ലോട്ടറി രാജാവിന്റെ സംഭാവന പോലെ പിന്നീടതൊരു സ്വാഭാവിക സംഭവമാവും.

നേതൃത്വങ്ങളില്‍ സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും മാതൃകകള്‍ കാണാന്‍ കിട്ടാതെ നമ്മുടെ പൊതു സമൂഹം ആര്‍ത്തി പണ്ടാരങ്ങളുടെ പിന്നാലെ കൂടി ഒടുങ്ങാത്ത ആന്തരിക സംഘര്‍ഷങ്ങളിലേക്ക്‌ വലിച്ചിഴക്കപ്പെടുന്നില്ലെ ? മലയാളിയുടെ ആത്മഹത്യാ കണക്ക്‌ മല പോലെ പെരുകി വരുന്നില്ലെ ? വിശ്വസിക്കാനന്‍ കൊള്ളാത്ത രാഷ്ടീയ നേതൃത്വങ്ങളെ വിട്ട്‌ ശരാശരി മലയാളി കണ്‍കെട്ടു സ്വാമികളുടെ കാല്‍ക്കല്‍ വീണെങ്കില്‍ എന്തതിശയം.

7 comments:

കാഴ്‌ചക്കാരന്‍ said...

ക്രിസ്‌തുവും കൃഷ്‌ണനും ആള്‍ദൈവമല്ലേയെന്ന്‌ ഈയുള്ളവനൊരു സംശയം.

ടോട്ടോചാന്‍ said...

ഇപ്പോഴും കുറെ യുക്തിവാദികള്‍ ജീവിച്ചിരിക്കുന്നു എന്നത് മകരവിളക്ക് വ്യക്തമാക്കിതന്നു....
പക്ഷേ ഒറ്റ ദിവസം കൊണ്ട് മാധ്യമങ്ങള്‍ അത് മറക്കുകയും ചെയ്തു.....

ജവഹര്‍ലാല്‍ നെഹ്രുവിനെക്കുറിച്ച് പഠിപ്പിച്ചാല്‍ കുട്ടികള്‍ വഴിതെറ്റിപ്പോകും എന്ന പുതിയ കണ്ടു പിടുത്തം എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും അംഗീകരിക്കുന്പോള്‍.. നാം എന്തു ചെയ്യണം..?

സൂര്യോദയം said...

അസാധാരണത്വമുള്ള ആരെയും ആള്‍ ദൈവമാക്കാന്‍ സാധിക്കുമെന്നതാണ്‌ സത്യം. അസാധാരണത്വമുണ്ടെങ്കില്‍ അതിനെ അവര്‍ സേവനമാര്‍ഗ്ഗങ്ങളിലൂടെ വിനിയോഗിക്കുന്നുവെങ്കില്‍ അതിനെ അംഗീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നതില്‍ തെറ്റില്ല. പക്ഷെ, അവരെപ്പിടിച്ച്‌ ദൈവമാക്കിക്കളയുന്ന പരിപാടിയിലാണ്‌ പ്രശ്നം... അങ്ങനെ ദൈവമാക്കുന്നതില്‍ അവര്‍ എതിര്‍പ്പ്‌ പറയാതെ മൗനസമ്മതം നല്‍കുന്നതാണ്‌ അവരുടെ അസാധാരണത്വത്തിലെ പൊരുത്തക്കേട്‌...

കാഴ്‌ചക്കാരന്‍ said...

ആരെങ്കിലും ദൈവമായതോ ആ ദൈവ സന്നിധിയിലേക്ക്‌ ജനങ്ങള്‍ പ്രവഹിച്ചതിതോ അല്ല പ്രധാനം അതിനപ്പറും നമ്മുടെ പുരോഗമന ശക്തികളുടെയും സാംസ്‌കാരിക നേതൃത്വത്തിന്റേയും അപചയത്തെക്കുറിച്ചാണ്‌ ഞാന്‍ സൂചിപ്പിച്ചത്‌. ജനങ്ങള്‍ ഇത്തരം ദൈവകോലങ്ങളിലേക്ക്‌ ആകര്‍ഷിക്കപ്പെടാനുള്ള ആന്തരിക ശൂന്യത സൃഷ്ടിച്ചത്‌ ആരാണ്‌ ? ആരാണ്‌ നമുക്ക്‌ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കിയത്‌ ?

ഫസല്‍ ബിനാലി.. said...

ബി ജെ പി നേതാവ് ചോദിച്ച ചോദ്യം പ്രസക്തമാവുന്നതിവിടെയാണ്. ബി ജെ പി ക്കാരും കോണ്‍ഗ്രസ്സു കാരും ലീഗു കാരും സന്യാസിമാരേയും മൊല്ലാക്കമാരേയും കാണാന്‍ പോകും, കാരണം അവര്‍ വിശ്വാസികളാണ്‍ (വിശ്വാസത്തിന്‍റെ സബ് ടൈറ്റിലുകള്‍ ഇതോക്കെയാണെന്ന തെറ്റിദ്ധാരണയില്‍) പക്ഷെ ഇവിടങ്ങളില്‍ ഇടതു പക്ഷ നേതാക്കള്‍ക്കെന്തു കാര്യം? ഒന്നുകില്‍ അവരുടെ ആദര്‍ശത്തിന്‍റെ പൊള്ളത്തരം അല്ലെങ്കില്‍ മാഫിയ കൂട്ടു കച്ചവടം.

കാഴ്‌ചക്കാരന്‍ said...

കോണ്‍ഗ്രസ്സുകാരന്റേയും ലീഗുകാരന്റേയും ബിജെപി ക്കാരന്റേയും പിന്നാലെ നടക്കേണ്ടവരാണോ കമ്മ്യൂണിസ്‌റ്റുകാര്‍. അവര്‍ക്ക്‌ അവരുടേതായ ദര്‍ശനവും നീതിബോധവുമില്ലെ. അവര്‍ അവരുടേതായ നീതിയുക്ത നിലപാടുകള്‍ എടുക്കുമ്പോള്‍ അത്‌ മറ്റു പാര്‍ട്ടികളേയും സ്വാഭാവികമായും സ്വാധീനിക്കുമല്ലൊ. അങ്ങിനെയാണല്ലൊ സമൂഹത്തില്‍ നീതിയുടെ പ്രവാഹം സൃഷ്ടിക്കപ്പെടുക. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യമില്ലായ്‌മയെ ചൂണ്ടികാണിച്ചുകൊണ്ട്‌ ജയപ്രകാശ്‌നാരായണന്‍ നിരന്തരം ലേഖനങ്ങള്‍ എഴുതിയപ്പോള്‍ നെഹ്രു ചോദിക്കുകയുണ്ടായി ഞങ്ങളുടേ പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യമില്ലായ്‌മയില്‍ നിങ്ങള്‍ക്കെന്തിനിത്ര വിഷമമെന്ന്‌. ജെ.പി.യുടെ മറുപടി ഇങ്ങിനെയായിരുന്നു : കോണ്‍ഗ്രസ്സ്‌ ഇന്ത്യയിലെ വലിയൊരു രാഷ്ട്രീയ കക്ഷിയാണ്‌. കോണ്‍ഗ്രസ്സിന്‌ നന്നാവുമ്പോള്‍ അത്‌ മറ്റു പാര്‍ട്ടികളേയും നന്നാക്കുമെന്ന്‌ . ഇതാണ്‌ ഇപ്പോള്‍ ഇവിടുത്തേയും പ്രശ്‌നം.

shahir chennamangallur said...

യുക്തിവാദം ഇപ്പോഴും ഉണ്ടോ ? ... എന്റെ അറിവില്, അതിക പേരും ഇപ്പൊ ദൈവികമായ ഒരു അടിസ്ഥാനത്തില് വിശ്വസിക്കുന്നുണ്ട് എന്നാണ് . എന്റെ നാട്ടുകാരനായ ഹമീദ് ചെന്നമങ്ങല്ലുര് ഒരിക്കല് പ്രസംഗിക്കുന്നത് ഞാന് കേട്ടിരുന്നു," ഞാന് ഒരു യുക്തി വാദി അല്ല , മറിച്ച് ദൈവത്തില് വിശ്വസിക്കുന്നു, പക്ഷെ അനുഷ്ടാനങ്ങളില് വിശ്വസിക്കുന്നില്ല എന്ന് ". അല്ല ഇതാണോ ഇപോ യുക്തിവാദം.. ?
യഥാര്ത്ഥത്തില് യുക്തിവാദിക്കും ഒരു ദൈവം ഇല്ലേ ? ആത്യന്തികമായി അവ്യക്തതയല്ലേ ഇവരുടെ ചിന്തകള് ?