Wednesday, June 18, 2008

യുദ്ധങ്ങളില്‍ ജയിക്കുന്നതാര്‌

വിളിച്ചു വരുത്തിയവനോ, വിധേയനായവനോ ആരാണ്‌ യുദ്ധങ്ങളില്‍ ജയിക്കുന്നത്‌ ? കുരുക്ഷേത്രത്തില്‍ ആരു ജയിച്ചു ? യുദ്ധം ബാക്കി വെച്ച വ്യര്‍ത്ഥതയിലും ശൂന്യതയിലും വല്ലാത്ത വേദനയോടെ അലയേണ്ടി വന്നില്ലേ "ധര്‍മ്മയുദ്ധം" നടത്തിയ പാണ്ഡവര്‍ക്കു പോലും.

പുരാണം പറയുകയല്ല. ബ്ലോഗുകളുമായി ബന്ധപ്പെട്ട്‌ ചില ദുശ്ശാസനന്‍മാര്‍ യുദ്ധങ്ങള്‍ വിളിച്ചു വരുത്തുകയും സര്‍ഗ്ഗാത്മകതയുള്ള പലരും ഇതില്‍ പെട്ടുപോയി ശൂന്യരായിപോവുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ച്‌ വേദനയോടെ സൂചിപ്പിക്കാനാണ്‌ ഇങ്ങിനെയൊരു മുഖവുര.

മുമ്പ്‌ എം.കെ. ഹരികുമാറിന്റെ അമ്പേറ്റ ഏ.ആര്‍ നജീം ഇങ്ങിനെ ഇരയാക്കപ്പെട്ടതിന്‌ നല്ലൊരു ഉദാഹരണമാണ്‌. നല്ല കവിതകള്‍ എഴുതുകയും ഒരു സഹൃദയന്‍ എന്ന നിലക്ക്‌ മറ്റുള്ളവരുടെ സൃഷ്ടികള്‍ക്ക്‌ ഗൗരവത്തോടെ കമന്റെഴുതുകയും ചെയ്‌തിരുന്ന നജീമിന്റെ നിശ്ശബ്ദതക്ക്‌ കാരണം ഹരികുമാറാണെന്ന്‌ കാഴ്‌ചക്കാരന്‍ ഊഹിക്കുന്നു. പൊതുവെ ലോലഹൃദയരായ കവിതയെഴുത്തുകാരുടെ ആത്മവീര്യത്തെ കെടുത്താന്‍ ദുശ്ശാസന ചെയ്യുന്നവര്‍ക്ക്‌ എളുപ്പത്തില്‍ കഴിയും. ഇപ്പോള്‍ ബ്ലോഗുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കേരള്‍ ഡോട്ട്‌ കോമിന്റെ മോഷണ വിവാദങ്ങള്‍ക്കു ശേഷം ഇനി ആരെല്ലാമാണാവോ നിശ്ശബ്ദരാവാന്‍ പോവുന്നത്‌.

ജാതിപോര്‌

പരസ്‌പരം ഭിന്നിപ്പിക്കാനുള്ള, യുദ്ധങ്ങള്‍ക്കുള്ള കളമൊരുക്കലില്‍ പലരും ഏര്‍്‌പ്പെടുന്നതു കാണുമ്പോള്‍ സര്‍ഗ്ഗശേഷിയുള്ളവരെപ്രതി ദു:ഖിക്കേണ്ടിയിരിക്കുന്നു. പൊതുജീവിതത്തില്‍ എത്രത്തോളം പരസ്‌പരം ഭിന്നിക്കാമോ അത്രത്തോളം അത്‌ ചികഞ്ഞെടുത്ത്‌ പുറത്തെടുത്ത്‌ പോരാടാനാണ്‌ നമുക്കിന്നേറെ താല്‍പര്യം. പുതു തലമുറക്ക്‌ അന്യമായ ജാതിയെ പോലും ചിലര്‍ മാന്തി പുറത്തെടുത്ത്‌ പൊതു വേദികളില്‍ ചര്‍ച്ചക്കുള്ള വിഭവമാക്കുന്നു.

ഒരു ഈഴവന്‌ മറ്റൊരു ഈഴവനെ കണ്ടൂകൂടെന്ന്‌ പ്രസ്‌താവന ഇറക്കി സിനിമാ നടന്‍ മുകേഷ്‌, പണ്ട്‌ സംവിധായകന്‍ സത്യന്‍അന്തിക്കാടിനോടുള്ള കൊതികെര്‍വ്‌ തീര്‍ത്തു. ഇപ്പോഴിതാ നായര്‌ പാരക്കഥകളുമായി തിലകന്‍ ചേട്ടന്‍. വിയോജിപ്പുകളും അവനവനേറ്റ പാരകളും ജാതിയുടെ അക്കൗണ്ടില്‍ പെടുത്തി നിര്‍വൃതി കൊള്ളുകയാണോ, മലയാളി മറക്കാന്‍ ശ്രമിക്കുന്ന ജീര്‍ണ്ണിച്ച ഐഡന്റിറ്റികളെ പുറംകാലുകൊണ്ട്‌ മാന്തി പുറത്തെടുത്ത്‌ നാടു മുഴുവന്‍ നാറ്റിക്കുകയാണോ ഇവര്‍ ചെയ്യുന്നത്‌.. അങ്ങിനെ ചില ജാതികള്‍ ചില ജാതികളോട്‌ യോജിക്കില്ലെന്ന്‌ തല മൂത്തവര്‍ 'യുക്തി'പൂര്‍വ്വം നമ്മെ പഠിപ്പിക്കുന്നു അങ്ങിനെ ജാതി എന്തെന്നറിയാത്ത മലയാളി കുഞ്ഞുങ്ങള്‍ മുകേഷിന്റേയും സത്യന്‍ അന്തിക്കാടിന്റേയും തിലകന്റേയും നെടുമുടിവേണുവിന്റേയും ജാതി മന:പാഠമാക്കാന്‍ ശ്രമിക്കുന്നു. ഇനി ഏതെല്ലാം ജാതികളാണാവോ പുറത്തു വരാനിരിക്കുന്നത്‌? മലയാളിയുടെ പൊതുജീവിതത്തിലെ ഇത്തരം സ്വഭാവ വൈചിത്ര്യങ്ങളെല്ലാം തന്നെ ബ്ലോഗുകളിലും നിഴലിക്കുന്നു. ബ്ലോഗ്‌ പ്രൊഫൈലുകളില്‍ ഇപ്പോള്‍ തന്ന ജന്മനക്ഷത്രം ഇളിച്ചു കാട്ടുന്നു. ഇനി ജാതിക്കുള്ള കോളവും വന്നുകൂടായ്‌കയില്ല. അപ്പോള്‍ പിന്നെ എളുപ്പത്തില്‍ പരസ്‌പരം അമ്പെയ്‌തു വീഴ്‌ത്താമല്ലൊ.

പേരിന്റെ പേരില്‍ പോര്‌

പ്രൊഫൈലുകളില്‍ പൂര്‍ണ്ണ വിലാസം കൊടുക്കാത്തതിന്റെ പേരില്‍ പിണക്കം കാണിക്കുന്ന നമ്മുടെ ബ്ലോഗു മുത്തച്ഛന്‍മാര്‍, പരസ്‌പരമുള്ള അറിവിലൂടെ അകലാന്‍ ശ്രമിക്കുന്ന, പോരടിക്കാന്‍ ശ്രമിക്കുന്ന മലയാളി മനസ്സിനെ കാണാതെ പോവുന്നോ ? വ്യത്യസ്ഥമായ രാഷ്ട്രീയ അഭിപ്രായങ്ങളുള്ളവരെ ജീവിക്കാന്‍ അനുവദിക്കാത്ത കണ്ണൂര്‍ ജില്ലയില്‍ നിന്നും വരുന്ന ശ്രീമാന്‍ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയെ പോലുള്ളവര്‍ ഈ കാര്യത്തില്‍ വാശി പിടിക്കുന്നതു കാണുമ്പോള്‍ വിഷമം തോന്നുന്നു.

നേര്‍ക്കുനേരെ നിന്ന്‌ പറയാനുള്ളത്‌ പറയാനും കേള്‍ക്കാനുള്ളത്‌ കേള്‍്‌ക്കാനുമുള്ള ജനാധിപത്യബോധം നമ്മള്‍ ആര്‍ജ്ജിച്ചു കഴിഞ്ഞിട്ടുണ്ടോ, ഉണ്ടെങ്കില്‍ അതു നമ്മുടെ സാമൂഹിക ജീവിതത്തില്‍ കാണേണ്ടതല്ലെ. വ്യത്യസ്ഥമായ കാഴ്‌ചപ്പാടുകളെ കുഴിച്ചുമൂടുന്ന സ്വാര്‍ത്ഥംഭരികളായ രാഷ്ടീയക്കാരുടെ നിയന്ത്രണത്തിലുള്ള ഒരു സാമൂഹിക പശ്ചാത്തലത്തില്‍ നിന്നാണ്‌ മലയാളി ഇന്നും സംസാരിക്കുന്നത്‌.

കുറച്ചുമാസങ്ങള്‍ക്ക്‌ മുമ്പ്‌ കോഴിക്കോടു ജില്ലയിലെ കുറ്റിയാടിക്കടുത്ത്‌ പാതിരപ്പറ്റയില്‍ താമസിക്കുന്ന വിനീത ടീച്ചറെ കാണാന്‍ അവരുടെ ഒരു ബന്ധുവിനൊപ്പം പോയ വേദനപ്പെടുത്തുന്ന ഒരനുഭവം എനിക്കുണ്ട്‌. ആ കാലത്ത്‌ പാര്‍ട്ടി ഭ്രഷ്ടയാക്കി കണക്കാക്കിയിരുന്ന അവരുടെ വീട്ടിലേക്കുള്ള വഴികളിലൊക്കെ ചോദ്യം ചെയ്യപ്പെടുകയും ഭീഷണികള്‍ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്‌തു. തിരിച്ചു നാട്ടിലെത്തിയപ്പോഴേക്കും പാര്‍ട്ടി സഖാക്കന്‍മാര്‍ കുത്തിനോവിക്കാനും പരിഹസിക്കാനുമായി കാത്തിരിപ്പുണ്ടായിരുന്നു. (ഒരു പക്ഷെ ഈയൊരു സൂചന മതി എന്റെ കാര്യം കട്ടപൊഹയാവാന്‍)


മതത്തിന്റേയം രാഷ്ട്രീയത്തിന്റേയും ജാതിയുടേയും ലിംഗവിവേചനത്തിന്റേയും സങ്കുചിതമായ സാമൂഹിക പശ്ചാത്തലത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക്‌ സത്യം പറയണമെങ്കില്‍ മുഖം മറച്ചു വെക്കണം എന്നത്‌ ഒരു അനിവാര്യതായി മാറുന്നു. സത്യം പറയാന്‍ ശ്രമിക്കുന്നവന്‌ ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലല്ലൊ.

അളിഞ്ഞ ചുവടുകള്‍ മാറ്റി ചവിട്ടാന്‍, കവികളല്ലാതെ കവിത ചൊല്ലുവാന്‍, കേള്‍ക്കാന്‍ ചെവികളില്ലാതെ പോവുന്ന ഒരു കാലത്ത്‌ ഉള്ളിലുള്ള വിങ്ങലുകള്‍, നെഞ്ചു കത്തുന്ന അനുഭവങ്ങള്‍, നല്ല സന്തോഷങ്ങള്‍ പങ്കുവെക്കാന്‍, പ്രണയം പറയാന്‍, സ്വപ്‌നം കാണാന്‍, കഥകള്‍ ചൊല്ലാന്‍, ആരോടെങ്കിലും കളി വര്‍ത്തമാനങ്ങള്‍ പറയാന്‍, ഗൗരവതരമായ സാമൂഹിക നിരീക്ഷണങ്ങള്‍ പങ്കുവെക്കാന്‍ ഒക്കെ ബ്ലോഗെഴുത്തുകാരന്‍ അപരനാമം സ്വീകരിക്കുന്നു. ഇതു മനുഷ്യന്റെ സര്‍ഗ്ഗാത്മകമായ ഒരു തരം പൂത്തുലയലാണ്‌, പരിണാമത്തിലേക്കുള്ള അവന്റെ ചവടുവെപ്പാണ്‌. ഈയൊരു പശ്ചാത്തലത്തില്‍ അപരനാമത്തില്‍ ബ്ലോഗു ചെയ്യുന്നവനെ വേട്ടമൃഗങ്ങള്‍ക്കിടയിലേക്ക്‌ വലിച്ചെറിയാന്‍ ചിലര്‍ കാട്ടുന്ന വ്യാഗ്രതയെ തീര്‍ച്ചയായും സംശയിച്ചുപോവുന്നു.

1 comment:

chithrakaran ചിത്രകാരന്‍ said...

തൂലികാനാമങ്ങളെ സൃഷ്ടിക്കുന്നത് അന്യന്റെ അഭിപ്രായങ്ങള്‍ക്ക് ബഹുമാനമോ,ഇടമോ നല്‍കാത്ത സമൂഹത്തിന്റെ അസഹിഷ്ണുത പേറുന്ന ജീര്‍ണ്ണ സംസ്കാരമാണ്.
സമൂഹ മനസ്സാക്ഷി ശുദ്ധീകരിക്കപ്പെടുന്നതുവരെ അപരനാമങ്ങള്‍ക്ക് തിളക്കം നഷ്ടപ്പെടുകയില്ല.
പ്രായമായവര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല.
യാന്തിക ജീവിതം നയിക്കുന്ന യുവത്വത്തിനും...!!