
ദാരുണമായ ഒരവസ്ഥയെ ചിത്രീകരിക്കുന്നതിലൂടെ പ്രേക്ഷകരുടെ ചിന്തയെ ഉണര്‍ത്താന്‍ പര്യാപ്തമായ ഒരു ഹൃസ്വചിത്രം കാണാനിടയായി.
മുമ്പ് ദേശാഭിമാനിയില്‍ ജോലി ചെയ്തിരുന്ന, ഇപ്പോഴും അത്യാവശ്യം വരകളിലൂടെ തന്റെ സാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന ദീപേഷ് ആണ് 'മുറിവ്' എന്ന ഈ പതിനേഴു മിനുട്ട് ചിത്രത്തിന്റെ സംവിധായകന്. പഴയ പൗരോഹിത്യത്തിന്റേയും പുതിയ അധിനിവേശങ്ങളുടേയും കഥകള്‍ പറയാന്‍ മിടുക്കനാണ് ഈ സംവിധായകന്. 'ടൈപ്പിസ്റ്റ്, 'സേയ്വ്' എന്നീ ഹൃസ്വ ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.
കുരിശേറ്റത്തിന്റെ മുറിവുകളുമായി, ഇന്നും ഇടയനായി കഴിയുന്ന മനുഷ്യപുത്രനെ നല്ല തന്മയത്വത്തോടെ ചിത്രകാരന് അവതരിപ്പിക്കുന്നു. കാണാതായ കുഞ്ഞാടിനെ തിരയുന്ന ക്രിസ്തു കഥയെ ഓര്‍മ്മപ്പെടുത്തുന്ന ഇതിലെ കുട്ടി തന്റെ പ്രിയപ്പെട്ട ആട്ടിന്‍ കുട്ടിയെ തിരഞ്ഞ് അലയുന്നു. വികാരിയച്ചന്റെ വിദേശകാറിടിച്ച് മരിച്ച ആട്ടിന്‍കുട്ടിയുടെ പിന്നാലെ പോവുന്ന ഈ മനുഷ്യപുത്രന് അരമനമുറ്റത്തുവെച്ച് തല്ലു കൊള്ളേണ്ടിവരുന്നു. പിന്നീട് കാറിടിച്ച് മരിച്ച തന്റെ കുഞ്ഞാടിനെ അരമനവാസികള്‍ മൃഷ്ടാന്ന ഭോജനമാക്കുന്ന കാഴ്ചയാണ് കുട്ടിക്ക് കാണേണ്ടി വരുന്നത്.
പൗരോഹിത്യവും അധികാരവും മനുഷ്യനെ എങ്ങിനെ വേട്ടയാടുന്നുവെന്ന് മുറിവുകള്‍ പ്രതിപാദിക്കുന്നു. സത്യവും നീതിയും അധികാരത്തിനും പൗരോഹിത്യത്തിനും എതിര് പക്ഷത്താണെന്നും ക്രിസ്തുവിന്റെ നീതിബോധം എല്ലാ വ്യവസ്ഥാപിതത്വത്തിനും വെളിയില്‍ മുറിവേറ്റ്, പ്രപഞ്ച സ്നേഹത്തോടെ അലയുകയാണെന്നും ഈ ചിത്രം വരച്ചു കാട്ടിതരുന്നു.
നിരവധി രാഷ്ട്രീയ-സാംസ്കാരിക ധ്വനികള്‍ നിറഞ്ഞ ഈ ചിത്രം പുതിയൊരു ഭാവുക പരീക്ഷണമാണ് ഇവിടെ നടത്തിയിരിക്കുന്നത്. വല്സലന് വാതുശ്ശേരി തിരക്കഥയെഴുതി ജലീല്‍ പാദുഷ ക്യാമറ ചലിപ്പിച്ചു..
